വാഷിംഗ്ടണ്‍: അമേരിക്കയില്‍ ന്യൂടൗണിലെ സാന്‍ഡി ഹുക്ക് സ്കൂളില്‍ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെയുളള ആക്രമണങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ ആയുധധാരികളായ കാവല്ക്കാരെ ഏര്‍പ്പെടുത്തണമെന്ന് നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്(എന്‍ആര്‍എ).
തോക്ക് ദുരുപയോഗം ചെയ്യുന്നവരെ വഷളാക്കുന്നത് സിനിമകളും വീഡിയോഗെയിമുകളുമാണ്. ഇത്തരം അക്രമികളെ തുരത്താന്‍ സായുധരായ കാവല്‍ക്കാരെയാണ് വേണ്ടതെന്നും എന്‍ആര്‍എ സിഇഒ വെയ്ന്‍ ലാപൈര് പറഞ്ഞു. തോക്കുകള്‍ കൈവശംവയ്ക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് വാദിക്കുന്ന ആയുധലോബിയാണ് നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്. ന്യൂടൗണ്‍ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ തോക്കു നിയന്ത്രണത്തിനു നിയമ ഭേദഗതി ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നു ശബ്ദമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം ന്യൂടൗണിലെ സാന്‍ഡി ഹുക്ക് സ്കൂളില്‍ 20കാരന്റെ വെടിയേറ്റ് 20 പിഞ്ചുകുട്ടികളും ആറ് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.
തോക്കുധരിച്ച മോശമായ വ്യക്തിയെ തടയാന്‍ തോക്കു കൈവശമുള്ള നല്ല ഒരാള്‍ക്ക് സാധിക്കുകയെന്ന് സംഘം അഭിപ്രായപ്പെട്ടു. ആയുധനിയമം നടപ്പാക്കുന്നതിലൂടെ അല്ലെങ്കില്‍ പുതുതായി ഭേദഗതി ചെയ്യുന്ന നിയമം നടപ്പിലാക്കുന്നതിലൂടെ അമേരിക്ക അപകടകരമായ രാജ്യം എന്ന നിലയിലേക്ക് മാറുമെന്നാണ് എന്‍ആര്‍ഐയുടെ വാദം. രാജ്യത്തിന്റെ സമാധാനത്തിനുമേല്‍ കൂടുതല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനു തുല്ല്യമാണെന്നും സംഘടന പറഞ്ഞു.
സ്ക്കൂളുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികള്‍ തോക്കുപയോഗത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ക്ലാസ് എടുക്കുകയും, അനുയോജ്യമായ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുകയാണ് വേണ്ടതെന്നും സംഘടന പറയുന്നു. കണക്ടിക്കട്ട് സ്ക്കൂളിലെ വെടിവെയ്പ്പിനെത്തുടര്‍ന്ന് നിശബ്ദമായിരുന്ന സംഘടന ആയുധനിയന്ത്രണം സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാനുള്ള വൈതൗസ് തീരുമാനത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
എന്നാല്‍ എന്‍ആര്‍ഐയുടെ നിലപാടിനെതിരെ ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് രംഗത്തെത്തി. സംഘടത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മേയര്‍ അമേരിക്ക അക്രമ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. സ്ക്കൂളുകളില്‍ മാത്രമല്ല, തീയറ്ററിലും, ഷോപ്പിങ് മാളിലും നമ്മുടെ കുട്ടികളെ സംരക്ഷിക്കുവാനുള്ള നീക്കത്തിനെയാണ് സംഘം എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആയുധനിയന്ത്രണവുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നതിന് ക്യാബിനറ്റില്‍ പ്രത്യേകം സമിതിയെ ഒബാമ നിയോഗിച്ചു. ജനുവരിയില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. അമേരിക്കയിലെ സ്ക്കൂളുകളില്‍ 10000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ 130,000 ത്തിലധികം സ്ക്കൂളുകളാണ് അമേരിക്കയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: