കൊച്ചി: കടല്‍ക്കൊലയില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ വാദങ്ങള്‍ വിശ്വാസത്തിലെടുക്കരുതെന്നും ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. കേസില്‍ ജാമ്യത്തില്‍ കേരളത്തില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ കുടുംബങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് രാജ്യം വിടാന്‍ ഇരുവരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്.
വിദേശികള്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലേക്ക് വരുന്നു. ഈ നാവികര്‍ക്കും വേണമെങ്കില്‍ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാന്‍ കേരളത്തില്‍ അവസരമൊരുക്കാം. എന്നാല്‍ ഇതിനായി നാട്ടില്‍ പോകണമെന്ന ഇരുവരുടെയും അവകാശവാദത്തില്‍ സംശയമുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
രണ്ടു നാവികരെയും തിരിച്ചെത്തിക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വാക്ക് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി. രണ്ടു സര്‍ക്കാരുകളുടെയും നയതന്ത്രവിദഗ്ധര്‍ തമ്മില്‍ ചര്‍ച്ചനടത്തി വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനത്തിലെത്താനെന്നും ഡിജിപി പറഞ്ഞു. പ്രതികള്‍ ഉപാധികളോടെയാണ് ജാമ്യം നേടിയത്. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ചിട്ടുണ്ട്. ഇറ്റലിയിലും ഇവരുടെ പേരില്‍ കേസുണ്ട്. ഇവരെ വിട്ടയച്ചാല്‍ പിന്നെ വിചാരണവേളയില്‍ വരുമെന്ന് കരുതാനാകില്ല. ഇവര്‍ കൊന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നില്ലെന്നും ഡിജിപി വിശദീകരിച്ചു.
നാവികര്‍ക്ക് വിഐപി സൗകര്യമാണ് കേരളത്തില്‍ നല്‍കുന്നത്. വിചാരണ വേഗത്തിലാക്കാം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് കൊലപാതകം നടന്നത്. ജാമ്യവ്യവസ്ഥകളനുസരിക്കാന് ഇരുവരും ബാധ്യസ്ഥരാണ്. കേസില്‍ ഇറ്റാലിയന്‍ സര്‍ക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ ജാമ്യം വിശ്വസിക്കാന്‍ കൊള്ളാവുന്നതല്ലെന്നും ഡിജിപി പറഞ്ഞു. ഇവര്‍ ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിക്കാത്തത് ആശങ്കാജനകമാണെന്നും ഡിജിപി കോടതിയെ ധരിപ്പിച്ചു.
കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി നിലപാടാരാഞ്ഞു. വിശദീകരണം നല്കാന് സമയം വേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിയാന്‍ കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് പി.ഭവദാസനാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: