ന്യൂദല്‍ഹി: ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 1970നേക്കാള്‍ പതിനഞ്ച് വര്‍ഷമായി വര്‍ധിച്ചു. സ്ത്രീകളുടേത് പതിനെട്ട് വര്‍ഷമായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 63 വയസായതായും സ്ത്രീകളുടേത് 59.5ആയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 54.6വയസുവരെ ഇന്ത്യക്കാര്‍ക്ക് പൂര്‍ണ ആരോഗ്യമുണ്ട്. എന്നാല്‍ അവസാന ഒമ്പത് വര്‍ഷം ആരോഗ്യം വന്‍ തോതില്‍ ക്ഷയിക്കുന്നതായി കണ്ടെത്തിയതായി പറയുന്നു. ദ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിവിധ രോഗങ്ങള്‍ക്ക് ഇവര്‍ അടിമപ്പെടുന്നതാണ് ഇതിനു കാരണം. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചെങ്കിലും അമേരിക്കാരെയും ചൈനാക്കാരെയും അപേക്ഷിച്ച് ഇത് കുറവാണ്. രാജ്യത്തെ പുരുഷന്മാരെക്കാള് പത്തു വര്‍ഷം കൂടുതലാണ് ചൈനക്കാരുടെ ആയുസ്. അമേരിക്കയില്‍ ഇത് 13 വര്‍ഷവും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്പത് രാജ്യങ്ങളിലായി നടത്തിയ പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആഗോളതലത്തില്‍ ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് പ്രധാനപ്പെട്ട അസുഖമായി ചൂണ്ടിക്കാട്ടുന്നത്. വായു മലീനീകരണമാണ് ഈ അസുഖങ്ങള്‍ക്കൊക്കെ അടിസ്ഥാന കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണമേഖലയിലെ ജനങ്ങള്‍ വിറകടുപ്പില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആയുസ് വര്‍ധിക്കുന്നുണ്ടെങ്കിലും പ്രായമായവരുടെ ആരോഗ്യം ക്ഷയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിറകടുപ്പില്‍ പാചകം ചെയ്യുന്നതിലൂടെ പുറംതള്ളുന്ന കാര്‍ബണ്‍മോണോക്സൈഡ് ന്യുമോണിയ, ആസ്ത്മ, അന്തത, അര്‍ബുദം, ഭാരക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ അടുക്കളകളില്‍ നിന്നും അനുവദനീയമായതിലും 30ശതമാനം കൂടുതല്‍ മലിനീകരണം ഉണ്ടാകുന്നുണ്ട്. രാജ്യതലസ്ഥാനമായ ദല്‍ഹിയിലും സമാനമായ രീതിയില്‍ മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. പഴങ്ങളുടെയും, ധാന്യങ്ങളുടെയും ഉപയോഗത്തിലെ കുറവ്, മദ്യപാനത്തിന്റെ ഉപയോഗം ശാരീരിക വ്യായാമത്തിന്റെ കുറവ്, അപകടങ്ങളില്‍ നിന്നുണ്ടാകുന്ന പരിക്കുകള്‍ എന്നിവയും സാധാരണ ഇന്ത്യക്കാര്‍ നേരിടുന്ന പ്രധാനവെല്ലുവിളികളാണ്. പുകയില ഉപയോഗം, ആഗോളതലത്തില്‍ 6.3 ലക്ഷം മരണത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമ്പതിന് വയസിനു മുകളിലുള്ള ഇന്ത്യക്കാരില്‍ പുറംവേദനയും നടുവേദനയും പൊതുവായി കണ്ടുവരുന്ന അസുഖങ്ങളാണെന്നും അയണിന്റെ കുറവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: