ന്യൂടൗണ്‍: യുഎസിലെ സാന്‍ഡി ഹൂക്ക് സ്കൂളില്‍ കൂട്ടക്കൊല നടത്തിയ ആദം ലാന്സയുടെ മാതാവ് നാന്‍സി ലാന്സയ്ക്കു തോക്കുകളോടു അമിതഭ്രമം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. തോക്കുകളോടു അമിതാവേശം പ്രകടിപ്പിച്ചിരുന്ന ഇവര്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ഷൂട്ടിംഗ് റേഞ്ചിലേയ്ക്ക് ഇടയ്ക്കു മക്കളെ കൂട്ടിക്കൊണ്ടുപോയിരുന്നു.ഒഴിവുസമയങ്ങളില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ബാറില്‍ എത്തുന്ന നാന്‍സി തന്റെ തോക്കുകളുടെ ശേഖരത്തെക്കുറിച്ച് സുഹൃത്തുക്കളോടു ആവശത്തോടെ സംസാരിച്ചിരുന്നു. ഇതില്‍ മൂന്നു തോക്കുകളാണ് ആദം സാന്‍ഡി ഹൂക്ക് സ്കൂളില്‍ പിഞ്ചുകുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ നിറയൊഴിക്കാന്‍ ഉപയോഗിച്ചത്. 20 കുട്ടികള്‍ അടക്കം 28 പേരാണ് സംഭവത്തില്‍ മരിച്ചത്. സ്വന്തം അമ്മയുടെയും തന്റെയും ജീവനെടുക്കാന്‍ ആദം ഉപയോഗിച്ചതും ഇതേ തോക്കു തന്നെയായിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നാണ് വെള്ളിയാഴ്ച്ച ഉണ്ടായത്.
ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നു നാന്‍സി അഞ്ചു തോക്കുകള്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പ്രഹരശേഷി കൂടിയ രണ്ടു കൈത്തോക്കുകള്‍, രണ്ടു നാടന്‍ തോക്കുകള്‍, ഒരു സെമിഓട്ടോമാറ്റിക് റൈഫിള്‍ എന്നിവയാണ് പോലീസ് കണ്ടെത്തിയത്. രണ്ടു കൈത്തോക്കുകളും സെമിഓട്ടോമാറ്റിക് റൈഫിളുമായാണ് ആദം സ്കൂളിലെത്തിയത്. അനധികൃതമായി സംഘടിപ്പിച്ച തോക്കുകളാണിവയെന്നും ഇതിനൊന്നും രജിസ്ട്രേഷന് ഇല്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: