മെയ്ന്‍പുരി: എസ്സി- എസ്ടി വിഭാഗത്തിന് ഉദ്യോഗക്കയറ്റത്തിനുള്ള സംവരണ ബില്‍ പാസ്സാക്കിയാല്‍ യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കാര്യം പുനരാലോചിക്കേണ്ടിവരുമെന്ന് സമാജ്വാദി പാര്‍ട്ടി. ബില്‍ ദേശവിരുദ്ധമാണെന്നും അത് ജനങ്ങളെ വിഭജിക്കുമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. പാര്‍ലമെന്റില്‍ ബില്ലിന്മേല് വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുന്നത് പാര്‍ട്ടിതലത്തില്‍ ആലോചിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പാര്‍ലമെന്റിനകത്തും പുറത്തും സമാജ്വാദി പാര്‍ട്ടി ബില്ലിനെതിരെയുള്ള പ്രതിഷേധം തുടരും. ജനവിരുദ്ധബില്ലിനെ എതിര്‍ത്ത എസ്പി അംഗങ്ങളെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പാസ്സാക്കിയാല്‍ ഒരു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റ് ജാതിയില്‍ നിന്നുള്ള കാബിനറ്റ് സെക്രട്ടറിയേയോ ചീഫ് സെക്രട്ടറിയേയോ കിട്ടില്ലെന്നും മുലായം ചൂണ്ടിക്കാട്ടി. സംവരണബില്‍ പാസ്സാക്കുന്നതോടെ ജനറല്‍ വിഭാഗത്തിലെയും മറ്റ് പിന്നാക്കവിഭാഗത്തിലുള്ളവരുടെയും അവസരങ്ങള്‍ കുറയുമെന്നും ഇത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സംവരണം നല്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെ സമാജ്വാദി പാര്‍ട്ടി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം തുടരുന്നതിനിടെയാണ് മുലായത്തിന്റെ പ്രസ്താവന. തൃണമൂല്‍കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിന് ശേഷം യുപിഎസര്‍ക്കാരിന് പാര്‍ലമെന്റില്‍ 254 എംപിമാരുടെ പിന്തുണയാണുള്ളത്. 22എംപിമാരുള്ള എസ്പിയും 21 എംപിമാരുള്ള ബിഎസ്പിയും സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: