ആലുവ: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കവര്‍ച്ചാ സംഘങ്ങള്‍ നിര്‍മാണതൊഴിലാളികളെ മറയാക്കി പ്രവര്‍ത്തിക്കുന്നത് തടയുന്നതിന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്ക്ക് പുറമെ മയക്കുമരുന്ന് വിപണനവും നടത്തുന്നനിരവധി പേര് ആലുവ പെരുമ്പാവൂര്‍ മേഖലകളിലായി തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയില്‍ തൊഴിലവസരങ്ങള്കുറഞ്ഞതോടെ ഇവരുടെ സംഘത്തിലേക്ക് കൂടുതല്‍ പേര് ചേക്കേറാനും സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗവും ചൂണ്ടിക്കാട്ടുന്നു. ആസാമില്‍ നിന്നുമാണ് വിലകുറഞ്ഞ കഞ്ചാവ് കുടുതലായും ഇവിടെയ്ക്ക് എത്തുന്നത്. കഞ്ചാവ് എത്തിക്കുന്ന പ്രധാന ഏജന്റിനെ സംബന്ധിക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്. ആസാമില്‍ തുടരാന്വേഷണം നടത്തുന്നതുള്‍പ്പെടെ നടപടികള്‍ കാര്യക്ഷമമാകാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കവര്‍ച്ചാസംഘങ്ങള്‍ കവര്‍ച്ചാ മുതലുകള്‍ അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ തന്നെയാണ് കുറഞ്ഞനിരക്കില്‍ വില്‍പ്പന നടത്തുന്നത്. പോലീസിന് പിടികൊടുക്കാതെ ഇവര്‍ ഏറെനാള്‍ സ്വന്തം നാട്ടിലേക്ക് മാറിനില്‍ക്കുകയും ചെയ്യും. പശ്ചിമബംഗാള്‍, ആസാം ജാര്‍ഖണ്ഡ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് കൂടുതലായുള്ളത്. സംസ്ഥാനപോലീസ് ഈ സംസ്ഥാനങ്ങളിലെ പോലീസിന്റെ കൂടി സഹായം തേടിയാല്‍ മാത്രമേ ഇവരെ പിടികൂടുവാന്‍ കാര്യക്ഷമമായി കഴിയുകയുള്ളൂ. അതല്ലെങ്കില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന പാവപ്പെട്ടവരും സംശയിക്കപ്പെടാനിടയുണ്ട്. രാത്രി സമയങ്ങളില്‍ സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന അന്യസംസ്ഥാനക്കാരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അന്യ സംസ്ഥാനതൊഴിലാളികളെ സഹായിക്കുന്ന മലയാളികളായ സംഘങ്ങളുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. നിശ്ചിതകാലയളവ് വരെ ജയിലില്‍ കഴിഞ്ഞശേഷം പ്രതികളില്‍ പലരും ജാമ്യമെടുത്ത് പുറത്തിറങ്ങിയാല്‍ പിന്നെ മുങ്ങുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണം ശക്തമാണെങ്കിലും ഭാഷ പ്രശ്നം പലപ്പോഴും ഇവരുമായി കൂടുതല്‍ ഇടപഴകുന്നതിന് തടസമായി മാറുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: