മാലെ: ജിഎംആറില്‍ നിന്നും മാലി എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മാലി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാലിദ്വീപ് എയര്‍പോര്‍ട്ട് കമ്പനി ലിമിറ്റഡ് (എംഎസിഎല്‍)ഏറ്റെടുത്തു. ഒരാഴ്ച നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്നും മാലി എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ട ചുമതല നഷ്ടമായത്. ഏകപക്ഷീയ തീരുമാനത്തിലൂടെയാണ് 511 ദശലക്ഷം ഡോളറിന്റെ കരാര്‍ മാലി സര്‍ക്കാര്‍ റദ്ദാക്കിയതെന്നാരോപിച്ചാണ് ജിഎംആര്‍ നിയമ നടപടിയ്ക്കൊരുങ്ങിയത്. എന്നാല്‍ സിംഗപ്പൂര്‍ കോടതി വിധി മാലി ദ്വീപിന് അനുകൂലമായതാണ് ജിഎംആറിന് തിരിച്ചടിയായത്.
ഇബ്രാഹിം നാസിര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മേല്‍നോട്ട ചുമതല എംഎസിഎല്‍ ഏറ്റടുത്തത് സുതാര്യമായ കൈമാറ്റ നടപടികളിലൂടെയാണെന്ന് പ്രസിഡന്റ് മുഹമ്മദ് വഹീദിന്റെ പ്രസ് സെക്രട്ടറി മസൂദ് ഇമാദ് പറഞ്ഞു. ജിഎംആറിന് എല്ലാ നടപടികളും തീര്‍ത്തതിന് ശേഷം ദ്വീപ് വിട്ടുപോകുന്നതിനായി മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇമാദ് പറഞ്ഞു. ജിഎംആര്‍ ദ്വീപ് വിട്ടതിന് ശേഷവും എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ഇന്ത്യാക്കാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎംആറുമായുള്ള കരാര്‍ മാലി സര്‍ക്കാര്‍ റദ്ദാക്കിയത് നവംബര്‍ 27 ന് ആണ്. എയര്‍പോര്‍ട്ടിന്റെ നിര്‍മാണ ചുമതലയില്‍ നിന്നും ജിഎംആറിനെ ഒഴിവാക്കുന്നത് ഉള്‍പ്പെടെ എന്തു തീരുമാനവും എടുക്കുന്നതിന് മാലി സര്‍ക്കാരിന് അധികാരമുണ്ടെന്ന സിംഗപ്പൂര്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജിഎംആര്‍ മാലി വിടുന്നത്. അതേസമയം 511 ദശലക്ഷം ഡോളറിന്റെ കരാര്‍ ഇല്ലാതായതോടെ ജിഎംആറിന് പ്രതിവര്‍ഷം 1,200 കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വരിക. 2011-12 ല്‍ മാലി എയര്‍പോര്‍ട്ടില്‍ നിന്നും 1,200 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. ഏകദേശം മൂന്ന് വര്‍ഷമായി ജിഎംആര്‍-മലേഷ്യ എയര്‍പോര്‍ട്ട് കൂട്ടുകെട്ടിലൂടെ ജിഎംആറിന്റെ അറ്റലാഭം ആദ്യപാദത്തില്‍ 2.5 ശതമാനം ഉയര്‍ന്ന് 83 കോടി രൂപയിലെത്തിയിരുന്നു. വരുമാനം 34 ശതമാനം വര്‍ധിച്ച് 600 കോടിയിലെത്തി. വരുമാനത്തിന്റെ 75 ശതമാനവും ഇന്ധന വില്പനയിലൂടെയാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: