വൈക്കം: പഞ്ചാക്ഷരീമന്ത്രങ്ങളാല് മുഖരിതമായ അന്തരീക്ഷത്തില്‍ സര്വ്വാഭരണവിഭൂഷിനായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ച് ദര്‍ശന പുണ്യം നേടാന്‍ പതിനായിരങ്ങള്‍ ഇന്നലെ തിരുസന്നിധിയിലെത്തി. ഉഷപൂജയ്ക്കും എതിര്ത്തപൂജയ്ക്കും ശേഷം അഷ്ടമിദര്‍ശനത്തിനായി ഇന്നലെ രാവിലെ നട തുറന്നു. ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദമഹര്‍ഷിക്ക് പരമേശ്വരന് പാര്‍വ്വതീസമേതനായി ദര്‍ശനം നല്കിയ കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം. അന്നദാനപ്രഭുവിന്റെ സന്നിധിയിലെ പ്രാതല്‍ വഴിപാടിലും ആയിരക്കണക്കിന് ഭക്തര്‍ പങ്കുചേര്‍ന്നു. 151 പറയുടെ പ്രാതലാണിവിടെ ഇന്നലെ നടന്നത്. താരകാസുരനെയും ശൂരപത്മനെയും നിഗ്രഹിച്ചശേഷം വരുന്ന ഉദയനാപുരത്തപ്പന് വന്‍ വരവേല്പാണ് ഭക്തര്‍ നല്‍കിയത്. കൂട്ടുമ്മേല്‍ ഭഗവതിയോടും ശ്രീനാരായണപുരം ദേവനോടും ഒപ്പം ചേര്‍ന്ന് എഴുന്നെള്ളിയ ഉദയനാപുരത്തപ്പനെ വഴിയില്‍ പൂമെത്ത വിരിച്ചും നിറപറയും നിലവിളക്കും വച്ചും ഭക്തര്‍ വലിയകവല, കൊച്ചാലുംചുവട്, വടക്കേ കൊട്ടാരം എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. മൂത്തേടത്തു കാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും തെക്കേനട ശാസ്താവിനും ക്ഷേത്രത്തില്‍ ഇറക്കിപ്പൂജ നടത്തി. പുളവായിക്കുളങ്ങര മഹാവിഷ്ണുവിന് അയ്യന്കുളങ്ങര, കവരപ്പാടിനട, മുരിയന്‍കുളങ്ങര എന്നിവിടങ്ങളിലും കിഴക്കുംകാവ് ഭഗവതിക്ക് ആറാട്ടുകുളങ്ങര, മുരിയന്‍ കുളങ്ങര എന്നിവിടങ്ങളിലും സ്വീകരണം നല്കി.
ടിവിപുരം ശ്രീനാരായണസ്വാമി ക്ഷേത്രത്തില്‍നിന്നും എഴുന്നെള്ളിപ്പ് നടന്നു. വൈക്കം ക്ഷേത്രത്തില്‍ പ്രവേശിച്ച എഴുന്നെള്ളിപ്പുകള്‍ ഒരുമിച്ച് വൈക്കത്തപ്പന്റെ സമീപമെത്തി. വൈക്കത്തപ്പന്റെ മകനായ ഉദയനാപുരത്തപ്പന് സ്വന്തംസ്ഥാനം നല്കി അനുഗ്രഹിച്ചുകൊണ്ടുള്ള എഴുന്നെള്ളിപ്പിനുശേഷം വലിയ കാണിക്ക നടന്നു. അവകാശി കറുകയില്‍ കൈമള്‍ പല്ലക്കിലെത്തി ആദ്യകാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തജനങ്ങളും കാണിക്ക സമര്‍പ്പിച്ചു. ആദ്യ പ്രദക്ഷിണത്തിനുശേഷം ദേവീദേവന്മാരും ഉദയനാപുരത്തപ്പനും യാത്രപറഞ്ഞ് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: