കാഞ്ഞങ്ങാട്: കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ജില്ലാ കലക്ടര്‍ നല്കിയ ഉത്തരവിന് പുല്ലുവില. കാഞ്ഞങ്ങാട് നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നതിണ്റ്റെ പ്രഭവ കേന്ദ്രം മത്സ്യമാര്‍ക്കറ്റിലെ മാലിന്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് അടിയന്തിര നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഡിസംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഉത്തരവ്. എന്നാല്‍ കലക്ടറുടെ ഉത്തരവിണ്റ്റെ സമയ പരിധി അവസാനിച്ചിട്ട് നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പലതും ഫയലില്‍ ഉറങ്ങുകയാണ്. മത്സ്യമാര്‍ക്കറ്റിലും പരിസരത്തും കെട്ടിക്കിടക്കുന്ന മലിനജലം നീക്കുക, മീന്‍ പെട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, അഴുക്കുചാല്‍ നിര്‍മ്മിക്കുക, മാര്‍ക്കറ്റിലെ മാലിന്യം അതത് ദിവസം തന്നെ നീക്കം ചെയ്യുക, കക്കൂസ് സ്ഥാപിക്കുക, മൊത്തക്കച്ചവടം അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിക്ക് നല്കിയ ഉത്തരവിലുള്ളത്. എന്നാല്‍ സമയ പരിധി അവസാനിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രധാന നിര്‍ദ്ദേശങ്ങള്‍ പലതും നഗരസഭ അവഗണിച്ചു. മത്സ്യമാര്‍ക്കറ്റില്‍ കെട്ടികിടക്കുന്ന മലിനജലം പ്രദേശ വാസികള്‍ക്ക് ഭീഷണിയുയര്‍ത്തുകയാണ് ഇപ്പോഴും. മാലിന്യ സംസ്കരണത്തിനുള്ള യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ആവിക്കര മലിനജല പ്ളാണ്റ്റ് പ്രവര്‍ത്തനക്ഷമമാക്കി മത്സ്യമാര്‍ക്കറ്റിലെ മലിനജലം സംസ്കരിക്കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും നടപടി വൈകുകയാണ്. മൊത്തക്കച്ചവടക്കാരെ മത്സ്യമാര്‍ക്കറ്റില്‍ നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാതെ മാലിന്യ പ്രശ്നത്തിന് പരിഹാരമാവുകയില്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. പുഞ്ചാവി ഫിഷ്ളാണ്റ്റിംഗ് സെണ്റ്ററിലേക്ക് മൊത്തക്കച്ചവടക്കാരെ മാറ്റാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മറികടക്കാന്‍ നഗരസഭയ്ക്കായിട്ടില്ല. അഴുക്കുചാല്‍ നിര്‍മ്മാണത്തിന് ൩ ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെങ്കിലും പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ളാണ്റ്റില്‍ സംസ്കരിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. മലിനജലം നീക്കം ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്ന് ചെയര്‍പേഴ്സണ്‍ ഹസീനതാജുദ്ദീന് തന്നെ സമ്മതിക്കുന്നു. കഴിഞ്ഞദിവസം നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മത്സ്യമാര്‍ക്കറ്റ് വൃത്തിയാക്കിയിരുന്നു. അട്ടിയിട്ടിരിക്കുന്ന ബോക്സുകള്‍ മാര്‍ക്കറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. കലക്ടറുടെ നിര്‍ദ്ദേശങ്ങളില്‍ ൭൫ ശതമാനം പൂര്‍ത്തീകരിച്ചതായി നഗരസഭാ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണന് അവകാശപ്പെട്ടു. നഗരത്തില്‍ ഡെങ്കിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന് ആഗസ്റ്റില്‍ തന്നെ ആരോഗ്യവകുപ്പ് നഗരസഭയ്ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ മുന്നറിയിപ്പ് കാര്യമാക്കാതെ നഗരസഭ മുന്നോട്ട് നീങ്ങിയപ്പോള്‍ നഗരം ഡെങ്കിപ്പനി ഭീതിയില്‍ അമരുകയും ചെ യ്തു. ഇതുവരെ കാഞ്ഞങ്ങാട് നഗരപ്രദേശത്തുനിന്ന് മാത്രം ഇരുന്നൂറോളം ആള് ക്കാര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടു. മത്സ്യമാര്‍ക്കറ്റാണ് ഡെങ്കിപ്പനികൊതുകുകളുടെ പ്രഭവ കേന്ദ്രമെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീന്‍ മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകള്‍ പെരുകുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര് ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് കളക്ടര്‍ ഉത്തരവിട്ടിരുന്നത്. മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട നഗരസഭയുടെ അലംഭാവത്തിനെതിരെ ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തിയിരുന്നു. ഡെങ്കിപ്പനി ഭീതി കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമല്ല എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ അലംഭാവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: