മരട്: വാഹനപരിശോധനയുടെ പേരില്‍ നിരത്തുകളില്‍ ട്രാഫിക് പോലീസിന്റെ പീഡനം വര്‍ധിച്ചതായി ആക്ഷേപം. നിയമം നടപ്പിലാക്കാനെന്ന ഭാവത്തില്‍ റോഡില്‍ പരിശോധനക്കിറങ്ങുന്ന പോലീസ് സംഘങ്ങള്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങി ചെറിയ നിയമലംഘനങ്ങളില്‍ കയറിപ്പിടിച്ച് വാഹനങ്ങള്‍ തടഞ്ഞിടുകയും, യാത്രക്കാരെ പീഡിപ്പിച്ച് പണം പിടിങ്ങുകയും ചെയ്യുന്നതായാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.
നിരത്തുകളില്‍ അമിതവേഗത്തില്‍ പായുന്ന ബസ്സുകളും, ടിപ്പറുകളും പോലീസിന്റെ കണ്ണില്‍ പെടാറില്ല. എന്നാല്‍ റോഡുകളുടെ തിരിവിലും വളവുകളിലും പതുങ്ങിനിന്ന് ഇരുചക്രവാഹനങ്ങളും, കാറുകളും കൈകാട്ടിനിര്‍ത്തി പിഴ ഈടാക്കുകയും, വാങ്ങുന്ന പണത്തിന് രശീത് നല്കാതിരിക്കലും പതിവാണെന്നാണ് ആരോപണം. കുണ്ടന്നൂര്‍ പേട്ട റോഡിലാണ് തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെ പതിവുപരിശോധന. കൊടുവളവും, വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യം ഇല്ലാത്തതുമായ സ്ഥലമാണ് പരിശോധനക്കായി തൃപ്പൂണിത്തുറ ട്രാഫിക് പോലീസ് തെരഞ്ഞെടുത്തിരിക്കുന്നത്. പരിശോധനക്കെന്നപേരില് കൈകാണിക്കുന്ന വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുമ്പോള്‍ ഇത് മറ്റുവാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നിരത്തുകളിലെ വാഹന പരിശോധനക്ക് സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശം തിര്‍ത്തും അവഗണിച്ചുകൊണ്ടാണ് ഇടപ്പള്ളി, തൃപ്പൂണിത്തുറ ഉള്‍പ്പടെയുള്ള ട്രാഫിക് പോലീസിന്റെ വാഹനപരിശോധനയെന്ന് ആരോപണമുണ്ട്. നിയമംലംഘിക്കുന്നവരെ കേസില്‍ കുടുക്കുകയല്ല പരിശോധനയുടെ ലക്ഷ്യമെന്നും മറിച്ച് നിയമം അനുസരിക്കാന്‍ വാഹനം ഓടിക്കുന്നവരെ പ്രേരിപ്പിക്കാലാണ് പരിശോധനയിലൂടെ ഉദ്ദേശിക്കുന്നതെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ സമയം നിരവധി വാഹനങ്ങള്‍ പരിശോധനക്കായി തടഞ്ഞിടരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനുപുറമെ വാഹനത്തിന്റെ ഡ്രൈവര്‍മാരെ രേഖകളുമായി പോലീസ് വാഹനത്തിനടുത്തേക്ക് വിളിച്ചുവരുത്തരുതെന്നും പോലീസ് മേധാവി പുറത്തിറക്കിയ ഔദ്യോഗിക നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇത്തരം നിബന്ധനകള്‍ പ്രായോഗികമല്ലെന്ന് ട്രാഫിക് സിഐ ടി.ആര്.ജയകുമാര്‍ പറഞ്ഞു. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാതെയും പരിശോധന തുടരും. പോലീസിന് ആവശ്യത്തിന് വാഹനങ്ങള്‍ ലഭ്യമല്ല. ഇതുപരിഹരിക്കാന് റിക്കവറിവാന്, ആംബുലന്‍സ് എന്നിവയെല്ലാമാണ് ഉപയോഗിച്ചുവരുന്നതെന്നും ട്രാഫിക് സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: