കൊച്ചി: 2015-ല്‍ കേരളത്തെ സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കുകയാണ് കൃഷി വകുപ്പിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി കെ.പി.മോഹനന്. ഇതിന്റെ ഭാഗമായി ജൈവവളമുപയോഗിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കും. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് കൃഷി വകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച കൃഷി ബിസിനസ് കേന്ദ്രയുടെ ഉദ്ഘാടനം കാക്കനാട് വിഎഫ്പിസികെ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ആറു സ്ഥലങ്ങളില്‍ ആരംഭിക്കാനുദ്ദേശിച്ച ശീതീകരിച്ച ആധുനിക പച്ചക്കറി മാര്‍ക്കറ്റ് ജനുവരിയില്‍ ആരംഭിക്കും. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം ലഭ്യമാക്കുകയാണ് പ്രധാനം. ഇതിനായി എല്ലാ വീടുകളിലും കീടനാശിനി ഉപയോഗിക്കാതെ പച്ചക്കറികള്‍ ഉല്പാദിപ്പിക്കണം. സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളും കാര്‍ഷിക യോഗ്യമാക്കുന്നത് പരിഗണനയിലാണ്. കീടനാശിനി പ്രയോഗിക്കാതെയുളള പച്ചക്കറി ലഭിക്കുന്നതിന് 54 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിവിധ പച്ചക്കറി വിത്തുകള്‍ നല്‍കിയിട്ടുണ്ട്. പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് സംസ്ഥാനങ്ങളിലെ കൃഷികളെ കുറിച്ച് മനസിലാക്കുന്നതിന് സൗജന്യ യാത്ര അനുവദിക്കും- മന്ത്രി പറഞ്ഞു.
സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൃഷിയെ കൂടുതല്‍ ലാഭകരമാക്കുന്നതിന് പരിശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബെന്നി ബഹനാന് എം.എല്‍.എ പറഞ്ഞു. വിത്തുകളുടെ ആദ്യ വില്പന മന്ത്രി കെ.പി.മോഹനനും വീട്ടമ്മമാര്ക്കുളള ഗ്രോബാഗ് വിതരണ ഉദ്ഘാടനം തൃക്കാക്കര നഗരസഭാ ചെയര്മാന് പി.ഐ.മുഹമ്മദാലിയും നിര്‍വഹിച്ചു.
110-ഇനംപഴം-പച്ചക്കറി വിത്തുകളുടെ വിപുലമായ കലവറയാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളയുടെ കൃഷി ബിസിനസ് കേന്ദ്രയുടെ പ്രത്യേകത.ഇതില്‍ 62ഇനം തൈകള്‍ പഴവര്ഗങ്ങളുടേതും 48 എണ്ണം പച്ചക്കറികളുടേതുമാണ്. ചെറുനാരകം, ആഫ്രിക്കന്‍ പിസ്ത, ആത്തച്ചക്ക, മലയന്‍ ആപ്പിള്‍, അരിനെല്ലി തുടങ്ങി 62 ഇനം പഴവര്‍ഗ തൈകളില്‍ മാങ്ങയുടെ 12 ഇനം തൈകള്‍ ലഭ്യമാണ്. ഒരുകാലത്ത് കൊച്ചിയില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്ന ചന്ദ്രക്കാരന്‍ തുടങ്ങിയ മുന്തിയയിനം മാവിന് തൈകള്‍ ഇവിടുത്തെ പ്രത്യേകതയാകും. 48 ഇനം പച്ചക്കറി തൈകകളില്‍ കൂണ് വിത്തും ഏഴോളം ബയോ ഓര്‍ഗാനിക് തൈകളുമാണുള്ളത്. കേന്ദ്രം വഴി പ്രതിദിനം ഒരുലക്ഷം രൂപയ്ക്കുള്ള തൈകളുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.
ചടങ്ങില്‍ വിഎഫ്പിസികെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.വി.പുഷ്പാംഗദന് സ്വാഗതം പറഞ്ഞു. കൃഷി ഡയറക്ടര്‍ ആര്.അജിത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ഉഷ കെ മേനോന്, വാര്‍ഡ് കൗണ്‍സിലര്‍ ബിനി സുനില്‍ കുമാര്‍, ഫാര്‍മ ഡയറക്ടര്‍ ഇന്ദിരബായ്, വിഎഫ്പിസി.കെ ഡയറക്ടര്‍ ജോസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: