ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടായി. ജൂലൈ-സപ്തംബര്‍ കാലയളവില്‍ ജിഡിപി നിരക്ക് 5.3 ശതമാനമായിട്ടാണ് ഇടിഞ്ഞത്. 5.4 ശതമാനമാകുമെന്നായിരുന്നു പ്രതീക്ഷ. ആദ്യപാദത്തിലിത് 5.5 ശതമാനമായിരുന്നു. 2011-12 സാമ്പത്തിക വര്‍ഷം ഇത് 6.5 ശതമാനമായിരുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക് 2.9 ശതമാനമായിരുന്നത് 2.8 ശതമാനമായി ഇടിയുമെന്നാണ് കണക്കാക്കുന്നത്. രണ്ടാം പാദത്തില്‍ വ്യാവസായിക വളര്‍ച്ച 0.7 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിത്തന്നെ തുടരും.
വിളവെടുപ്പ് കുറഞ്ഞതാണ് കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തുന്നു. രണ്ടാം പാദത്തില്‍ ഖാനി മേഖലയുടെ വളര്‍ച്ചാ നിരക്ക് മികച്ചതായിരിക്കുമെന്നും കണക്കാക്കുന്നു. ഖാനി മേഖലയുടെ വളര്‍ച്ച 1.9 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലിത് 5.4 ശതമാനമായി ചുരുങ്ങിയിരുന്നു. സപ്തംബര്‍ 30 ന് അവസാനിച്ച കാലയളവില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക് 0.8 ശതമാനമായിരിക്കും. 2011-12 ല്‍ ഇതേ കാലയളവില്‍ ഇത് 2.9 ശതമാനമായിരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.4 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 7.3 ശതമാനമായിരുന്നു. ജൂലൈ-സപ്തംബര്‍ കാലയളവില്‍ വ്യാപാരം, ഹോട്ടല്‍, ഗതാഗത മേഖലകളുടെ വളര്‍ച്ചയും മന്ദഗതിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9.5 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്കെങ്കില്‍ ഈ വര്‍ഷം ഇത് 5.5 ശതമാനമായി ചുരുങ്ങി.
വൈദ്യുതി, ഗ്യാസ്, ജലസേചന മേഖലകളിലെ വളര്‍ച്ചാ നിരക്ക് 9.8 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി ഇടിഞ്ഞു. നിര്‍മാണ മേഖലയുടെ വളര്‍ച്ച രണ്ടാം പാദത്തില്‍ 6.7 ശതമാനമായിരിക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.3 ശതമാനമായിരുന്നു ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: