കൊച്ചി: മലയാള ഭാഷ വര്‍ഷാചരണത്തിന്റെ ഭാഗമായി ഭാഷയെ സ്നേഹിക്കുന്നവരുടെ ഉല്‍സവമായി ഇന്ന് കളക്ട്രേറ്റില്‍ വരൂ മലയാളത്തോടൊപ്പം പരിപാടി സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് പരിപാടി പ്രമുഖ തിരക്കഥകൃത്ത് ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എ.ഡി.എം. ബി.രാമചന്ദ്രന്, യു.സി.കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫ. വി.പി.മാര്‍ക്കോസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ എം.എന്‍. പ്രഭാകരന് എന്നിവര്‍ പങ്കെടുക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മേഖല ഉപഡയറക്ടര്‍ ഒ.ആര്. ശ്രീകാന്തന് സമ്മാനവിതരണം നടത്തും. കെ.ജി.വിനോജ് സ്വാഗതവും ബെന്നി മാത്യു നന്ദിയും പറയും.
വരൂ മലയാളത്തോടൊപ്പം പരിപാടിയുടെ ഭാഗമായി ഇന്നലെ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളില്‍ നിന്നായി അമ്പതിലേറെ ജീവനക്കാര്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. ഇന്ന് രാവിലെ 11-ന് ഇംഗ്ലീഷ് ഖണ്ഡികകള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്ന വിവര്‍ത്തനവിചാരം മല്‍സരം നടത്തും.
പ്രശ്നോത്തരിയില്‍ ജില്ല പി.എസ്.സി. ഓഫീസിലെ ജീവനക്കാരടങ്ങിയ പെരിയാര്‍ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിനിമസംഭാഷണങ്ങള് ആധാരമാക്കിയ പ്രതിധ്വനിയില്‍ കളക്ട്രേറ്റ് ജീവനക്കാരന് ജിജിത് ജേതാവായി. മറ്റു മല്‍സരങ്ങളിലെ ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. ഇവര്‍ക്ക് ട്രോഫിയും സാക്ഷ്പത്രങ്ങളും സമ്മാനമായി നല്‍കും.
മലയാളം ലോകഭാഷയായാല്, കാക്കനാട് വിമാനത്താവളം ഉണ്ടായാല്‍, കളക്ട്രേറ്റ് അങ്കണത്തില്‍ കാല്‍പ്പന്തുകളി മൈതാനം തുടങ്ങിയാല്‍, ഭാഷയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടായാല്‍ തുടങ്ങിയ സാങ്കല്‍പ്പിക വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, കേരളത്തിലെ നദികള്‍, പരസ്യങ്ങള്‍, പരിസ്ഥിതി, മാധ്യമങ്ങള്‍ നമ്മെ വഴിതെറ്റിക്കുന്നുവോ തുടങ്ങിയവയും പ്രസംഗമല്‍സരത്തിന് വിഷയമായി. മലയാളഭാഷയെക്കുറിച്ചുള്ള പ്രസംഗത്തില്‍ കളക്ട്രേറ്റ്, ക്ലര്‍ക്ക്, മീറ്റിങ്, സെക്ഷന്‍ എന്നീ ഇംഗ്ലീഷ് പദങ്ങളും കാക്കനാട് അതിവേഗ തീവണ്ടി നിര്‍ത്തല്‍ കേന്ദ്രത്തെക്കുറിച്ചുള്ള പ്രസംഗത്തില്‍ റയില്‍വെ, സ്റ്റോപ്പ്, റിസള്‍ട്ട്, സ്റ്റേഷന് എന്നിവയും പ്രയോഗിച്ചത് കാണികളില്‍ ചിരിയുണര്‍ത്തി.
ജില്ല ഭരണകൂടം, ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. എസ്.ബി.ടി. കാക്കനാട് സിവില്സ്റ്റേഷന് ശാഖയാണ് മല്‍സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: