ആലുവ: ആലുവായില്‍ ട്രാഫിക് പോലീസിന്റെ പ്രവര്‍ത്തനം ഹെല്‍മറ്റ് വേട്ടയിലും മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിലുമായി പരിമിതപ്പെടുന്നു. ഇതേത്തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള വാഹനാപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും വേണ്ടത്ര ശ്രദ്ധയില്ലാതാകുകയും ചെയ്യുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം കൂടി വന്നതോടെ ആലുവായിലൂടെയുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ മാത്രം ഇരട്ടിയിലേറെ വര്‍ധനവുണ്ടായി. എന്നാല്‍ ട്രാഫിക് പോലീസുകാരുടെ എണ്ണമാകട്ടെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹൈവേ പോലീസും മറ്റും ഉണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. പോലീസിന്റെ കാര്യക്ഷമമായ റോന്ത് ചുറ്റലുണ്ടായാല് തന്നെ ഹൈവേയിലെ അനധികൃത പാര്‍ക്കിങ്ങും മറ്റും പൂര്‍ണമായി തടയുവാന്‍ കഴിയും.
എന്നാല്‍ ഇത്തരത്തില്‍ കൂടുതലായി റോന്ത് ചുറ്റലിന് ഇന്ധന പരിമിതിയുണ്ടെന്നാണ് ഇവരുടെ വാദം. നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക് വരെ ആംബുലന്‍സുണ്ടെങ്കിലും നമ്പറുകളൊന്നും പ്രധാന റോഡുകളില്‍ എഴുതി വയ്ക്കുന്നില്ല. പലപ്പോഴും അപകടങ്ങളുണ്ടായാല്‍ ആദ്യം ഓടിയെത്തുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ കാര്യമായി കഴിയണം. എന്നാല്‍ ഇവരില്‍ പലര്‍ക്കും പോലീസ് സ്റ്റേഷനിലെ നമ്പറുകള്‍ പോലും അറിയാത്ത അവസ്ഥയാണുള്ളത്. അതുപോലെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞാല്‍ പിന്നീട് കോടതികളില്‍ സാക്ഷി പറയേണ്ടിവരുമെന്നതിനാല്‍ പലരും ഇതിന് മടി കാണിക്കുകയും ചെയ്യുന്നു.
വിവിധ സര്‍വീസുകളില്‍ നിന്നും വിരമിച്ച് സേവന പ്രവര്‍ത്തനങ്ങളിലും മറ്റും മുഴുകിയിട്ടുള്ള ധാരാളം നിസ്വാര്‍ത്ഥ പ്രവര്‍ത്തകര്‍ ആലുവായിലുണ്ട്. ഇവരുടെ കൂട്ടായ്മകള്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ഉണ്ടാക്കി പ്രധാന ഹൈവേകളില്‍ ഇവര്‍ക്ക് ഇടയ്ക്കിടെ തങ്ങുന്നതിന് സംവിധാനമുണ്ടാക്കുന്നതും ഗുണപ്രദമാകും. എന്നാല്‍ ഇത്തരം പ്രായോഗിക നടപടികളൊന്നും ജനമൈത്രിയിലും കൈക്കൊള്ളുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: