ന്യൂദല്‍ഹി: വിവാദഭൂപടത്തിന് ചൈനക്ക് ഇന്ത്യയുടെ മറുപടി. ചൈനീസ് പാസ്പോര്ട്ടില് അരുണാചല്‍ ചൈനയുടേതാക്കി ചിത്രീകരിച്ചത് വിവാദമായതോടെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അരുണാചല്‍പ്രദേശും, അക്സായി ചിനും പൂര്‍ണമായും ചൈനയുടേതാണെന്ന തരത്തിലുള്ള ഭുപട ചിത്രീകരണമാണ് വിവാദത്തിന് വഴിവെച്ചത്. അരുണാചല്‍ പ്രദേശും ജമ്മുകാശ്മീരിലെ അക്സായി ചിനും പൂര്‍ണമായി ചൈനയുടേതാണെന്നു ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടദൃശ്യം പാസ്പോര്‍ട്ടിലാണ് പതിച്ചത്. പകരം വീട്ടല്‍ എന്ന നിലയില്‍ അരുണാചലും അക്സായി ചിന് എന്നിവ ഇന്ത്യയുടെ സ്വന്തമാണെന്ന നിലയില്‍ ചിത്രീകരിച്ചിട്ടുള്ള ഭൂപടം ചൈനീസ് പൗരന്മാര്ക്കുള്ള വിസയില്‍ പതിപ്പിച്ച് നല്‍കുകയാണ്.
ചൈനയുടെ നടപടിയില്‍ ഇന്ത്യ നേരത്തെ അതൃപ്തി അറിയിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് പ്രതിഷേധ നടപടി ആരംഭിച്ചത്. ചൈനീസ് പൗരന്മാര്ക്കുള്ള വിസയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഇന്ത്യയുടേതാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെയല്ല എന്ന് വ്യക്തമാക്കുന്ന ഇന്ത്യന്‍ ഭൂപടം ചിത്രീകരിച്ച് നല്കാന് തീരുമാനിച്ചതെന്നാണ് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞത്. ഇന്ത്യയുടെ നിലപാട് വ്യക്താമാക്കിക്കൊണ്ടുള്ള വിസ ചൈനീസ് പൗരന്മാര്ക്ക് നല്കിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അരുണാചല്‍ പ്രദേശും അക്സായി ചിനും മാത്രമല്ല തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടല്‍ ദ്വീപുകളും ചൈന സ്വന്തമാക്കിക്കൊണ്ടുള്ള ഭൂപടമാണ് ഇ-പാസ്പോര്‍ട്ടുകളില്‍ നല്‍കിയിരിക്കുന്നത്. വിയറ്റ്നാമും ഫിലിപ്പീന്‍സും ഇക്കാര്യത്തില്‍ ചൈനയെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു. വിഷയത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിട്ടും ചൈനീസ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
26 ന് ഇന്ത്യാ ചൈന നയതന്ത്ര- സാമ്പത്തിക ചര്‍ച്ച നടക്കാനിരിക്കെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഊര്‍ജം, വിവര സാങ്കേതികവിദ്യ, ഔഷധനിര്‍മാണം എന്നീ മേഖലകളില്‍ ചൈനയുടെ നിക്ഷേപം ക്ഷണിച്ചുകൊണ്ട് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന നയതന്ത്ര സാമ്പത്തിക ചര്‍ച്ചയാണ് 26 ന് ദല്‍ഹിയില്‍ നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടെക് സിംഗ് ആലുവാലിയയും ചൈനയുടെ പ്രതിനിധിയായി നാഷണല്‍ ഡെവലപ്മെന്റ് റിഫോംസ് കമ്മീഷന് ചെയര്മാന് സാംഗ് പിംഗും രണ്ട് ഘട്ടമായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും. തുടര്‍ന്നു മൂന്നു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിടും.
കംബോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയബാവോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനയില്‍നിന്നു നിക്ഷേപം ക്ഷണിക്കുന്നതായി പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് അറിയിച്ചത്. അതിര്‍ത്തി പ്രശ്നം തന്നെയാണ് ഇരു രാഷ്ട്രങ്ങളും ദീര്‍ഘനാളായി ചര്‍ച്ചചെയ്യുന്നത്. 1962ലെ ഇന്ത്യാ- ചൈനാ യുദ്ധത്തിനുശേഷം 1963ലെ ഉടമ്പടിപ്രകാരം സമാധാനമേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളാണ് ഇപ്പോള്‍ ചൈനയുടെ സ്വന്തമായി ചിത്രീകരിച്ചിരിക്കുന്നത്. 26 ന് നടക്കുന്ന ചര്‍ച്ചയില്‍ പുതിയ വിവാദവും ചര്‍ച്ചചെയ്യുമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് അടുത്ത മാസം ചൈന സന്ദര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: