കൊച്ചി: രാമമംഗലം പഞ്ചായത്തിലെ ഊരമനയിലെ ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മണിപ്പാല്‍ വൈറോജിക്കല് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന പഠനം പുരോഗമിക്കുകയാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രാഥമിക പഠനത്തില്‍ പ്രദേശത്തെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി 709 വീടുകളിലെ 2108 പേരുടെ രക്തപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ രോഗാണുബാധിതരല്ലെന്ന് കണ്ടെത്തിയ 1050 പേര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍ദേശപ്രകാരം ഹെപ്പറ്റൈറ്റിസ് ബി വാക്സിന് നല്കി വരുന്നുണ്ട്. ദേശീയ രോഗ പ്രതിരോധ വാക്സിനേഷന് പരിപാടി പ്രകാരം കുട്ടികള്‍ക്ക് നല്കുന്ന ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനും പ്രദേശത്ത് ഇതോടൊപ്പം നല്‍കിവരുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.ഐ.ജുനൈദ് റഹ്മാന് പറഞ്ഞു.
ഹെപ്പറ്റൈറ്റിസ് ബി രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെന്ന നിലയിലാണ് ഈ രണ്ട് വാര്‍ഡുകള്‍ ആദ്യഘട്ടത്തില്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. അന്തിമ പഠന റിപ്പോര്‍ട്ട് വന്നതിന് ശേഷം മറ്റ് വാര്‍ഡുകളിലെ രക്തപരിശോധന സംബന്ധിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രക്തപരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ ആര്‍ക്കൊക്കെ വാക്സിനേഷന് ആവശ്യമാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. അതുവരെ പ്രദേശത്ത് ഇപ്പോള്‍ സ്വീകരിച്ചിട്ടുളള രോഗപ്രതിരോധ നടപടികള്‍ തുടരുമെന്ന് ഡി.എം.ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: