പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ 974-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ പൊതുയോഗവേദിയിലേക്ക് അതിക്രമിച്ച് കയറി കരയോഗഭാരവാഹികളെയും അമ്മമാരെയും ഉപദ്രവിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30ന് പെരുമ്പിള്ളില്‍ കെ.ജി.ജയകുമാറിന്റെ വസതില്‍ വച്ച് പൊതുയോഗം നടക്കുമ്പോഴാണ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരടങ്ങുന്ന ആറംഗസംഘം അക്രമം നടത്തിയത്. ഇതേകരയോഗത്തിലെ അംഗങ്ങളും മുന്ഭാരവാഹികളുമായ ഇവര്‍ യോഗത്തിന്റെ രജിസ്റ്റര്‍ ബുക്കുകള്‍ കീറികളയുകയും, കസേരകള്‍ തല്ലിയൊടിക്കുകയും വനിതകള്‍ അടക്കമുള്ളവരെ ഉപദ്രവിക്കുകയുമായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് പെരുമ്പിള്ളില്‍ ശിവരാമന് നായരുടെ ഭാര്യ വി.എം.രാധ (65), പെരുമ്പിള്ളില്‍ ജയകുമാര്‍ (47), എസ്.സതന് (46) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, വീട്ടുകാര്‍ തങ്ങളെയാണ് ഉപദ്രവിച്ചതെന്ന് പറഞ്ഞ് അക്രമികളും ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നുവെന്ന് കരയോഗ അംഗങ്ങള്‍ പറഞ്ഞു. അക്രമികളില്‍ ചിലര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരും കരയോഗത്തിലെ മുന്‍ ഭാരവാഹികളുമായിരുന്നു.
ആക്രമണത്തിന് നേതൃത്വം നല്കിയ എസ്.വിശ്വനാഥന്, പെരുമ്പിള്ളില്‍ വിവേക്, മാളിക്കതാഴത്ത് ഇന്ദ്രന്, പൊന്നേമ്പിള്ളി അജയന്, കാളമാക്കുടി ബിനു, പാറയില്‍ ഗോപിനാഥന് എന്നിവരെ കരയോഗത്തില്‍ നിന്നും നീക്കം ചെയ്യാന്‍ പൊതുയോഗം തീരുമാനമെടുത്തതായി സെക്രട്ടറി കെ.ഭാര്‍ഗ്ഗവന്‍പിള്ള അറിയിച്ചു.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കാലത്ത് സിപിഎമ്മിന് ഏറ്റവും വലിയരാഷ്ട്രീയ സ്വാധീനമുള്ള മേഖലയായിരുന്നു പുല്ലുവഴി, എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവും പൊതുജനങ്ങളോടുള്ള സമീപനവും പുല്ലുവഴിയിലെ സിപിഎമ്മിനെ ജന പക്ഷത്തിന് എതിരാക്കിയിരിക്കുകയാണ്. സാമുദായിക സംഘടനകളില്‍ കൈകടത്തിയും രാഷ്ട്രീയ വത്കരണം നടത്തുക എന്ന ഗുഢലക്ഷ്യമാണ് എന്‍എസ്എസ് കരയോഗത്തിലെ സംഘര്‍ഷത്തിന് പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: