കൊച്ചി: സിനിമ ചിത്രീകരണത്തിനു മഹാരാജാസ് കോളേജ് ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ പി.ടി.എ ഫണ്ടിലേക്ക് 15,000 രൂപ വീതം പ്രതിദിനം അടക്കേണ്ടി വരും. സര്‍ക്കാരിതര പരിപാടികള്‍ക്കായി കോളേജ് ഓഡിറ്റോറിയം ഉപയോഗിക്കുന്നവരും പിടിഎയ്ക്ക് സംഭാവന നല്‍കേണ്ടി വരും. കഴിഞ്ഞ ദിവസം ചേര്‍ന്ന കോളേജ് വികസന സമതിയോഗത്തിലാണ് ഈ തീരുമാനം. കോളേജ് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രണ്ടു ലക്ഷം രൂപ ചെലവില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. സി-ഡിറ്റിന്റെ സഹകരണത്തോടെയാണ് കാര്‍ഡ് വിതരണം.
മികവിന്റെ കേന്ദ്രം പദ്ധതിയില്‍ മഹാരാജാസിനു ലഭിച്ച മൂന്നുകോടി രൂപ വിനിയോഗിക്കുന്ന പദ്ധതികളുടെ മുന്‍ഗണന യോഗം തീരുമാനിച്ചു. ഇസ്ലാമിക് ഹിസ്റ്ററി വകുപ്പിലും ബ്രിട്ടോ ബില്‍ഡിംഗിലുമായി ക്ലാസ്മുറികളുടെ നിര്‍മാണം, ഭാഷ ലൈബ്രറിയുടെ പുനരുദ്ധാരണം എന്നിവ ആദ്യ പരിഗണിനയില്പെടും. വിദ്യാര്ഥിക്കകള്ക്കായി വിവിധ സ്ഥലങ്ങളിലായി ശൗചാലയങ്ങള്‍ നിര്‍മിക്കും. ഇതോടൊപ്പം നിലവിലുളളവ നവീകരിക്കാനും തീരുമാനമായി.
ലൈബ്രറി, സുവോളജി, രസതന്ത്രം വകുപ്പുകളിലെ ചോര്‍ച്ച തടയുന്നതിനായി 1.5 കോടി രൂപയുടെ പ്രവൃത്തികള്‍ അടിയന്തരമായി നടത്തും. വയറിംഗ്, റീ-വയറിംഗ് എന്നിവയ്ക്കായി ഒരു കോടി രൂപയുടെ ജോലി നടപ്പാക്കും. ക്ലാസ് മുറികള്‍, കോളേജ് ഓഫീസ് എന്നിവയുടെ നവീകരണം, ഫര്‍ണിച്ചര്‍, അനുബന്ധ ഉപകരണം എന്നിവ വാങ്ങുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തി.
എഡ്യൂസാറ്റ് മുറി നിര്‍മാണത്തിനുളള ബ്രിട്ടോ ബില്‍ഡിങ്ങിന്റെ സുരക്ഷിതത്വത്തിനായി വികസന സമതിയുടെ പക്കലുളള നാലു ലക്ഷം രൂപ ചെലവഴിക്കും. കോളേജ് വളപ്പില്‍ 10 ലക്ഷം രൂപ ചെലവില്‍ സോളാര്‍ പാനലുളള എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കും. കെല്‍ട്രോണിന്റെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ജലശുദ്ധീകരണ പ്ലാന്റ്, മഴവെളളക്കൊയ്ത്ത് എന്നിവയ്ക്കായി ജലഅതോറിറ്റിയുടെ സഹായത്തോടെ പദ്ധതി തയാറാക്കി കോളേജ് വികസന സമതിയുടെ ധനസഹായം ലഭ്യമാക്കും.
വിവിധ ന്യൂസ് ജേണലിനായി കോളേജ് വികസന നിധിയില്‍ നിന്ന് 1.5 ലക്ഷം രൂപ അനുവദിക്കും.
വികസന സമതി അധ്യക്ഷനായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹൈബി ഈഡന് എംഎല്‍എ, പ്രിന്‍സിപ്പല്‍ പി.വി.മേരിമെറ്റില്ഡ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.ഐ.ജൊസ്, പി.ടി.എ സെക്രട്ടറി വി.രമാകാന്തന്, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി ടി.ജയചന്ദ്രന്, ഡോ.എം.എം.മുഹമ്മദ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കോളേജ് യൂണിയന് ചെയര്മാന് അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: