മരട്: വില്പനക്കായി സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ പാചക എണ്ണയുടെ വന്‍ ശേഖരം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ആരോഗ്യവിഭാഗം ഓഫീസറുടെ നേതൃത്വത്തില്‍ പനങ്ങാട് മാടവനക്ക് സമീപം വി.എം. അസീസ് എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യഎണ്ണ ക്യാനുകളിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉച്ചയോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയത്.
നിരവധി പ്ലാസ്റ്റിക് ക്യാനുകളിലും വലിയ ക്യാനുകളിലുമായി 2000 ത്തോളം ലിറ്റര്‍ എണ്ണയാണ് വീടിന്റെ പിന്‍ഭാഗത്തായി തറയില്‍ നിരത്തിവെച്ചിരുന്നത്. മീനും ഇറച്ചിയും മറ്റും വറുത്തശേഷം ഹോട്ടലുകാരും മറ്റും ഉപേക്ഷിക്കുന്ന എണ്ണയാണ് ഇത്തരത്തില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രാവശ്യങ്ങള്‍ക്കും പൂജാകാര്യങ്ങള്‍ക്കും മറ്റും ‘വിളക്കെണ്ണ’ എന്ന പേരില്‍ വില കുറച്ച് വില്‍ക്കുന്നത് ഇത്തരം ഉപയോഗശൂന്യമായ എണ്ണയാണെന്നും സൂചനയുണ്ട്. കൂടാതെ മുടി വളരാനുള്ള തൈലം നിര്‍മ്മിക്കുവാനും ഇത്തരം എണ്ണകള്‍ ഉപയോഗിച്ചുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അഞ്ച്, പത്ത് ലിറ്റര്‍ കന്നാസുകളില്‍ നിറച്ചിരുന്ന എണ്ണക്ക് അസ്വാഭാവികമായ നിറവും മണവുമാണ് പരിശോധനയില്‍ അനുഭവപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്ടയം, തൃശൂര്‍ ജില്ലകളില്‍നിന്നുവരെ ഈ കേന്ദ്രത്തില്‍ എണ്ണ എത്തിച്ചിരുന്നതായി വീട്ടുടമയില്‍നിന്നും വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ഇവിടെനിന്നും എണ്ണ വാങ്ങിക്കൊണ്ടുപോകുന്നവരെക്കുറിച്ചും അന്വേഷണം നടത്തുമെന്നും എണ്ണ ശേഖരിച്ച് സൂക്ഷിക്കുവാന്‍ ഇവര്‍ക്ക് ലൈസന്‍സും മറ്റും ഇല്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിശോധനയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്കും ചീഫ് ഫുഡ് ഇന്‍സ്പെക്ടര്‍ക്കും നല്‍കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന് പറഞ്ഞു. വീട്ടില്‍ കണ്ടെത്തിയ എണ്ണയുടെ സാമ്പിളുകള്‍ രാസപരിശോധനക്കായി ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണ വില്പന നടത്തിവന്ന വീട്ടുടമക്കും മകനും നോട്ടീസ് അയച്ച് നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശബരിമല സീസണും മറ്റും ആയതിനാല്‍ ഉപയോഗശൂന്യമായ ഇത്തരം എണ്ണകള്‍ വിളക്കെണ്ണ എന്ന പേരില്‍ വിപണിയിലെത്തുന്നുണ്ടെന്നാണ് സൂചന. ഇത്തരത്തിലുള്ള എണ്ണ ഹോട്ടലുകളില്‍നിന്നും ഭക്ഷണശാലകളില്‍നിന്നും ശേഖരിക്കുന്ന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നതായും പറയപ്പെടുന്നുണ്ട്. ശുദ്ധമായ ഭക്ഷ്യഎണ്ണയില്‍ മായം ചേര്‍ക്കാനും മറ്റും ഉപയോഗശൂന്യമായി ഹോട്ടലുകാര്‍ പുറംതള്ളുന്ന എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും ബാക്കിനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: