സി.പി.എം അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കും – മമത
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സി.പി.എം പിന്തുണയ്ക്കില്ലെങ്കിലും സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി. അങ്ങനെയൊരു ആവശ്യത്തിനു വേണ്ടി സംസ്ഥാനത്തെ സി.പി.എം പാര്‍ട്ടി ഓഫിസിരിക്കുന്ന അലിമുദ്ദീന്‍ സ്ട്രീറ്റിലേക്കു പോകാനും സെക്രട്ടറി ബിമന്‍ ബോസിനോടു ചര്‍ച്ച നടത്താനും താന്‍ തയ്യാറാണെന്ന് മമത പരഞ്ഞു.
അഴിമതിയിലും ജനദ്രോഹ നടപടികളിലും മുഴുകിയ ഈ സര്‍ക്കാരിനെ താഴെയിറക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നു മമത ഇടതിനോടു അഭ്യര്‍ഥിച്ചു. തൃണമൂല്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ മടിയുണ്ടെങ്കില്‍ അവര്‍ അവിശ്വാസപ്രമേയം കൊണ്ടുവരട്ടെ. അവിശ്വാസം കൊണ്ടുവരാന്‍ സി.പി.എമ്മിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ സി.പി.ഐ തയാറാകണമെന്നും മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി ഇടയ്ക്കുവച്ച് പ്രമേയത്തില്‍ നിന്നു പിന്നോട്ടു പോകാതിരിക്കുമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.തൃണമൂലിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് സി.പി.എം നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മമതയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിനെ രക്ഷിക്കാനാണു തൃണമൂല്‍ ശ്രമമെന്നും ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നുമാണ് സിപിഎം നിലപാട്.
അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിലൂടെ യു.പി.എ സര്‍ക്കാരിനെ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് മമത വ്യക്തമാക്കിയിരുന്നു. ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രമേയം കൊണ്ടുവരാനാണ് മമതയുടെ നീക്കം. അതേസമയം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വൈകിട്ട് നടക്കുന്ന എന്‍.ഡി.എ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
അദ്വാനിയുടെ വസതിയില്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നിര്‍വാഹക സമിതി യോഗം നടന്നിരുന്നു. യോഗ തീരുമാനങ്ങള്‍ വൈകിട്ട് നടക്കുന്ന എന്‍.ഡി.എ യോഗത്തെ അറിയിക്കുമെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതിനിടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് എ.ഐ.എ.ഡി.എം.കെയോട് ആവശ്യപ്പെട്ടാല്‍ അക്കാര്യം അപ്പോല്‍ പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.
പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയുണ്ടായാല്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും ജയലളിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: