മൂവാറ്റുപുഴ: ആയുസ്സറിയിച്ച് മാറാടിയിലെ കോഴി മുത്തച്ഛന് വിടവാങ്ങി. പൂവന്‍കോഴിയുടെ ആയുസ്സ് എത്ര എന്ന് ഇതുവരെ ആരും കണക്കാക്കിയിട്ടില്ലെന്നാണ് അറിവ് അത്തരമൊരു ഗവേഷണം നടത്തിയിട്ടുണ്ടൊ എന്നും അറിയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത് കാരണം കോഴിയെ ആയുസ്സെത്തി മരിക്കാന്‍ ആരെങ്കിലും അനുവദിച്ചിട്ടുവേണ്ടെ അതിന്റെ ആയുസ്സ് കണക്കാക്കാന്‍.
എന്നാല്‍ മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ ഉന്നകുപ്പയില്‍ മുക്കാലുവീട്ടില് ജോസേട്ടന്റെ വീട്ടിലേക്ക് ചെല്ലണം അവിടെ ഇന്നലെവരെ കോഴിപ്പൂവനുണ്ടായിരുന്നു. ജരാനരകള്‍ ബാധിച്ച തൂവലുകളാലും പ്രായാധിക്യത്തിന്റെ അവശതയിലും കഴിഞ്ഞിരുന്ന കക്ഷി ഇന്നലെ ചത്തു, 12-ാം വയസ്സില്‍.
കൊക്കായി എന്നും എടാ എന്നും വിളിപ്പേരുള്ള ഇവന്റെ ആയുര്‍ രഹസ്യം ഗോതാമ്പായിരുന്നു. ഒരു മാസം അഞ്ച് കിലോയില്‍ കൂടുതല്‍ ഗോതമ്പ് ആശാന് അകത്താക്കിയിരുന്നു. കൂട്ടില്‍ നിന്നും ഇറങ്ങാനും കയറുവാനും സ്വല്പം വിഷമതകള്‍ ഉണ്ടെങ്കിലും പൊരുന്ന ഇരിക്കുന്ന പിടയ്ക്ക് കാവല്‍ നില്ക്കാന് ഉത്സാഹത്തിന് ഒരുകുറവുമുണ്ടായിരുന്നില്ല. പിന്നെ അയല്വക്കത്തുനിന്നുംഎത്തുന്ന പൂവന്‍കോഴിയെ കൂവി തോല്പ്പിക്കുംപറ്റിയാല് കൊത്തി ഓടിക്കുകയും ചെയ്യും. ജോസേട്ടന്റെ വീട്ടില്‍ തന്നെയായിരുന്നു ഇവന്റെ ജനനം, ജനിച്ച് പതിനൊന്ന് ദിവസത്തില്‍ അമ്മ നഷ്ടപ്പെട്ട കൊക്കായിക്ക് പിന്നെ അമ്മയായത് ജോസേട്ടന്റെ ഭാര്യ ഡെയ്സി. ഇവനെ കൂടാതെ ജോസേട്ടന്റെ കുഞ്ഞുകൂരയില്‍ നായയും പൂച്ചകളും കോഴികളുമുണ്ട്. പ്രായത്തില്‍ മുത്തശ്ശന് കൊക്കായിയായിരുന്നെങ്കിലും രണ്ട്മാസം മുമ്പാണ് ഇവനെക്കാള്‍ രണ്ട് വയസ്സ് കൂടുതലുള്ള പിടക്കോഴി ചത്തുപോയത്. ഒന്ന് കൂവാന്‍ വളര്‍ത്തമ്മ ആവശ്യപ്പെട്ടാല്‍ ഏത് നട്ടുച്ചയ്ക്കും ചിറക് വിരിച്ച് അവന് കൂവും…
ജോസേട്ടനും അദ്ദേഹത്തിന്റെ കോഴിയും ഒരു അത്ഭുതം തന്നെയാണെന്നും തന്റെ വെറ്റിനറി സര്‍വ്വീസ് കാലയളവില്‍ ഇത്തരമൊരു മൃഗസ്നേഹിയെ ആദ്യമായി കാണുകയാണെന്നും മൂവാറ്റുപുഴ വെറ്റിനറി സീനിയര്‍ സര്ജന് ഡോ. ഷാജി പൗലോസ് പറയുന്നു. ഉന്നകുപ്പ വളവിലെ മലയുടെ മുകളില്‍ ടര്പോളിന് കൊണ്ട് മറച്ച വൈദ്യുതി ഇല്ലാത്ത ഒറ്റ മുറി വീട്ടിലാണ് ജോസേട്ടന്റെ താമസം. ബി പി എല്‍ ലിസ്റ്റിലാണെങ്കിലും അതിന്റെ പേരില്‍ ഒന്നും ചോദിക്കുവാനൊ നേടുവാനൊ തയ്യാറാവാത്ത ജോസേട്ടനും കുടുംബവും സഹജീവികളും സന്തോഷത്തിലായിരുന്നു കഴിഞ്ഞുവന്നത്. കാരണം ഒന്നുമില്ലെങ്കിലും ഇവിടെ സ്നേഹമുണ്ട്. നാം കാണാതെ പോകുന്ന സഹജീവി സ്നേഹം. എന്നാല്‍, കൊക്കായിയെന്ന കോഴിമുത്തച്ഛന്റെ വേര്‍പാട് ജോസേട്ടന് താങ്ങാവുന്നതിലും അപ്പുറമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: