മട്ടാഞ്ചേരി: ഹൈന്ദവ ആചാരവിധികളോടെ നടന്ന വിവാഹച്ചടങ്ങില്‍ വിദേശ യുവതി കോംഗ്കണി യുവാവിന്റെ ജീവിതപങ്കാളിയായി. കൊച്ചി സ്വദേശിയായ കോംഗ്കണി യുവാവ് ബാലകൃഷ്ണഭട്ടും ജര്‍മ്മന്‍ യുവതിയായ ആന്‍കേ ചാര്‍ലോട്ട് വാള്‍ട്ടറും തമ്മിലാണ് ആചാരവിധിപ്രകാരം കൊച്ചിയില്‍ വിവാഹിതരായത്. ആന്കേയുടെ അമ്മയും സഹോദരനുമടങ്ങുന്ന 30 അംഗ ജര്‍മ്മന്‍ സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. മൂന്നുവര്‍ഷം നീണ്ട പ്രണയജീവിതത്തിന്റെ സാക്ഷാത്ക്കാരം കൂടിയായിരുന്നു കൊച്ചിയിലെ വിവാഹം.
ജര്‍മ്മനിയില്‍ സര്‍ക്കാര്‍ സാമൂഹ്യ പ്രവര്‍ത്തകയാണ് 33കാരിയായ ആന്കേവാള്ട്ടര്. ജര്‍മ്മനിയിലെ വില്ലിങ്ങ്ജറില് 74 പിന്നിട്ട റിട്ടയേര്‍ഡ് അധ്യാപകനായ ജെറിഡ് വാള്‍ട്ടറിന്റെയും തെറാപ്പിസ്റ്റും ബ്യൂട്ടിഷ്യയുമായ ഗോര്ഡാനയുടെ മകളാണ് ആന്‍കേ ചാര്‍ലോട്ട്. മൂന്നുവര്‍ഷം മുമ്പ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആന്‍കെ കൊച്ചി സ്വദേശിയായ ബാലകൃഷ്ണനെ പരിചയപ്പെട്ടത്. ഇരുവരും പ്രണയത്തിലാകുകയും ആകെ ഒടുവില്‍ കൊച്ചി ചെറളായിലുള്ള ബാലകൃഷ്ണഭട്ടിന്റെ വീട്ടുകാരുമായി പരിചയപ്പെടുകയും ചെയ്തു. ബാലകൃഷ്ണഭട്ട് ജര്‍മ്മനിയിലെത്തി ആങ്കെയുടെ മാതാപിതാക്കളെ കാണുകയും ആചാരവിധിപ്രകാരം വിവാഹത്തിന് അനുമതി നേടുകയും ചെയ്തു. 2012 ജൂണില്‍ ഉറപ്പിച്ചതായിരുന്നു വിവാഹം.
കൊച്ചി ചെറളായി ടിഡി പടിഞ്ഞാറെ തെരുവില്‍ ദാമോദരഭട്ടിന്റെ മകനായ ബാലകൃഷ്ണഭട്ട് (38) ക്ഷേത്ര പൂജാദികളിലും സജീവമാണ്. ആങ്കെയുടെ മാതാവ് ഗോര്‍ഡാന, സഹോദരന് മാക്സ് വാള്‍ട്ടര്‍ എന്നിവരടങ്ങുന്ന 30ഓളം വിദേശികളും ചടങ്ങിനെത്തി.
ജര്‍മ്മനിയിലെ ക്രൈസ്തവ മതവിശ്വാസിയായ ആങ്കെവാള്ട്ടര് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരിയാണ്. ഹൈന്ദവ സമൂഹത്തില്‍ ആചാര-സംസ്ക്കാര ചടങ്ങുകളില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന കോംഗ്കണിഭാഷാ വിഭാഗമായ ഗൗഡസാരസ്വത ബ്രാഹ്മണസമുദായാംഗമാണ് ബാലകൃഷ്ണഭട്ട്. കൊച്ചിയിലെ വൈഎന്‍പി ട്രസ്റ്റില്‍ നടന്ന കോംഗ്കണി ബ്രാഹ്മണവിധി ചടങ്ങുകളായ നിശ്ചയതാംബുലം, കാപ്പുകെട്ട്, ഗണപതി പ്രാര്‍ത്ഥന, വരവേല്‍പ്പ്, കന്യാദാനം, ദീപസമര്‍പ്പണം, വരണമാല്യം ചാര്‍ത്തല്‍, താലികെട്ട്, പുടവ നല്കല്, സപ്തപദി, ദീപാരാതി തുടങ്ങിയ ആചാരവിധി ചടങ്ങുകളോടെയായിരുന്നു വിവാഹം. ആങ്കേയുടെ പിതൃസഹോദരന് ഉള്വീസ് വാള്‍ട്ടറും ഭാര്യ ഇല്ലോന ക്ലയനും വധുവിനെ കന്യാദാനം ചെയ്ത് വരന് നല്കി. വിവാഹ ചടങ്ങുകള്‍ക്ക് ആര്.അനന്തഭട്ട്, വി.ആനന്ദ് ഭട്ട്, വി.ഗോവിന്ദരാജ് ഭട്ട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തശേഷം ജനുവരി നാലിന് വധു-വരന്മാര് ജര്‍മ്മനിയിലേക്ക് മടങ്ങും. ആങ്കെയോടൊപ്പം എത്തിയ ജര്‍മ്മന്‍ സംഘത്തിലെ യുവതികള്‍ സാരി ധരിച്ച് വിവാഹച്ചടങ്ങുകളിലുടനീളം പങ്കെടുത്തത് കാണികളിലും ഏറെ കൗതുകമുണര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: