മൂവാറ്റുപുഴ: ഗന്ധര്വന്മാരില്നിന്ന് ജന്മംകൊണ്ട സംഗീതജ്ഞനാണ് ഷട്കാല ഗോവിന്ദമാരാരെന്നും പൂജിതനായിരുന്നപ്പോഴും അങ്ങേയറ്റം എളിയവനായിരുന്നു അദ്ദേഹമെന്നും പത്മശ്രീ കലാമണ്ഡലം ഗോപി അഭിപ്രായപ്പെട്ടു. കേരള സംഗീത നാടക അക്കാദമി രാമമംഗലത്ത് സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന സംഗീത-വാദ്യ-നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് ടി.എം.എബ്രഹാം അധ്യക്ഷത വഹിച്ചു. ഓട്ടന്തുള്ളല് കലാകാരന് ആയാംകുടി തങ്കപ്പന് നായര്‍ക്ക് കലാമണ്ഡലം ഗോപി ഉപഹാരം നല്കി ആദരിച്ചു. പ്രൊഫ. ജോര്‍ജ് എസ്.പോള്‍ ആയാംകുടി തങ്കപ്പന് നായരെ പരിചയപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി.കുന്നപ്പിള്ളില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിത്സണ് കെ.ജോണ്‍, കലാസമിതി വൈസ് പ്രസിഡന്റ് ടി.കെ.അലക്സാണ്ടര്‍, സംഗീത നാടക അക്കാദമി നിര്‍വാഹകസമിതി അംഗം മോഹന്‍ ജി.വെണ്‍പുഴശ്ശേരി, കലാസമിതി സെക്രട്ടറി കെ.ജയചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗായത്രിയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി നടന്നു. നേരത്തെ കലാനിലയം രതീഷും കലാമണ്ഡലം ശ്രീജുവും താഴുത്തേടത്ത് മുരളിയും ചേര്‍ന്ന് കേളിയും ഏലൂര്‍ ബിജു സോപാനസംഗീതവും അവതരിപ്പിച്ചു.
സംഗീതോത്സവവേദിയില്‍ ഇന്ന് രാവിലെ 10ന് പ്രമുഖ സംഗീതജ്ഞര്‍ പഞ്ചരത്നകീര്‍ത്തനം ആലപിക്കും. തുടര്‍ന്ന് കച്ചേരികളും നടക്കും. വൈകിട്ട് 6ന് ആര്‍എല്‍വി ജോളി മാത്യു മോഹിനിയാട്ടവും 6.30ന് മാതംഗി സത്യമൂര്‍ത്തി സംഗീതക്കച്ചേരിയും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: