പെരുമ്പാവൂര്‍: വേങ്ങൂര്‍ മാര്‍കൗമാ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നുവരുന്ന പെരുമ്പാവൂര്‍ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിലെ പിഴവ് വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അധികൃതരെയും വലക്കുന്നു. 9 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മൂവായിരത്തോളം മത്സരാര്‍ത്ഥികളാണ് വിവിധ ഇനങ്ങളിലായി പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങള്‍കൊണ്ട് മത്സരങ്ങള്‍ തീര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് സംഘാടകര്‍ വേദികള്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ പലവേദികളും തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്നത് മത്സരാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരു പോലെ അരോചകമാകുന്നു.
കലോത്സവവേദികളില്‍ ഏറ്റവും അധികം ആസ്വാദകരുള്ള ഇനങ്ങളാണ് നാടകവും ഗാനമേളയും ഇവക്കായി നല്‍കിയിരിക്കുന്നത് ഏറ്റവും ചെറിയ വേദികളിലൊന്നായ 2-ാം നമ്പര്‍ വേദിയാണ്. നിലവാരമുള്ള നാടകങ്ങള്‍ നിരവധിയുണ്ടായിരുന്നെങ്കിലും ചെണ്ടമേളത്തിന്റെയും മറ്റ് വാദ്യങ്ങളുടെയും ശബ്ദകോലാഹലങ്ങള്‍ ശല്യമാവുകയായിരുന്നു. എന്നാല്‍ ഇത്തരം കലാമേളകളില്‍ മാര്‍കൗമാ സ്കൂളിലുള്ള അധ്യാപകര്‍ ആരും സംഘാടകരായി പ്രവര്ത്തിച്ചിട്ടില്ലാത്തതിന്റെ അറിവ്കേടാണിതെന്നും പറയുന്നു.
ആദ്യദിനം തന്നെ മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളും തമ്മില്‍ വാഗ്വാദത്തിന് ഇടയുണ്ടായി. നാടകവേദിയിലാണ് സംഭവം നടന്നത്. ഹൈസ്കൂള്‍ വിഭാഗം നാടകത്തിന് അനുവദിച്ച സമയത്തിലധികം എടുത്ത നാടകത്തിന് ഒന്നാം സ്ഥാനം നല്‍കിയത് വിവാദമായി. ചുവന്ന ബള്‍ബ് കത്തിയതിനുശേഷവും തുടര്‍ന്ന നാടകത്തിന് ഒന്നാം സ്ഥാനം നല്‍കിയതിനെ മറ്റുള്ള സ്കൂളുകള്‍ ചോദ്യം ചെയ്തു. എന്നാല്‍ കൃത്യമായ ഉത്തരം നല്കാനാകാതെ സംഘാടകര്‍ വലയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: