കൊച്ചി: എറണാകുളം ജില്ല ഭരണകൂടം മുന്‍കയ്യെടുത്ത് സംഘടിപ്പിക്കുന്ന കൊച്ചി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ മക്മല്‍ബഫ് കുടുംബം. ഇറാനിയന്‍ സിനിമയുടെ പ്രതീകങ്ങളായി അറിയപ്പെടുന്ന മോഹ്സന് മക്മല്‍ബഫ്, ഭാര്യ മര്‍സീഹ് മക്മല്‍ബഫ്, മക്കളായ സമീറ മക്മല്‍ബഫ്, ഹാന മക്മല്‍ബഫ്, മകന് മെയ്സം മക്മല്‍ബഫ് എന്നിവരാണ് ചലച്ചിത്രോത്സവത്തിനെത്താന് താല്പര്യം അറിയിച്ചിരിക്കുന്നത്. ഡിംസബര്‍ മൂന്നാം വാരത്തിലാണ് ചലച്ചിത്രമേള ആരംഭിക്കുന്നത്.
മക്മല്‍ബഫ് ചിത്രങ്ങളുടെ പ്രത്യേക റെട്രോസ്പെക്ടീവ് വിഭാഗം തന്നെ ചലച്ചിത്രോത്സവത്തിലുണ്ടാകുമെന്ന് ഫെസ്റ്റിവല്‍ കോ ഓഡിനേറ്റര്‍ രവീന്ദ്രന് പറഞ്ഞു. മോഹ്സന് മക്മല്‍ബഫിന്റെ ഏറ്റവും പുതിയ ചിത്രമായ ഗാര്‍ഡ്നറും മേളയില്‍ പ്രദര്‍ശിപ്പിക്കും. സെക്സ് ആന്റ് ഫിലോസഫ്, ഖാണ്ഡഹാര്‍, ഗാബെ എന്നിവയാണ് മൊഹ്സന്റെ മറ്റ് ചിത്രങ്ങള്‍. മര്‍സീഹ് സംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങളായ ദ ഡേ ഐ ബിക്കെം എ വുമണ്‍, സ്ട്രേ ഡോഗ്സ്, സമീരയുടെ ദ ബ്ലാക്ക് ബോഡ്, ടു ലെഗ്ഡ് ഹോഴ്സ്, ഹാനയുടെ ഡോക്യുഫിഷനായ ഗ്രീന്‍ ഡേയ്സ്, ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം, മെയ്സമിന്റെ ഹൗ സമീര മേഡ് ദ ബ്ലാക്ക്ബോഡ് എന്നിവയും ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.
മുംബൈ, ഗോവ, തിരുവനന്തപുരം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ നല്ലൊരു പങ്ക് കൊച്ചിയിലും പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി. സംസ്ഥാന സാംസ്കാരിക വകുപ്പ്, ടൂറിസം വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം എന്നിവയുടെയും കൊച്ചി കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
മേളയെ കുറിച്ചാലോചിക്കാന്‍ കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, എക്സൈസ്, തുറമുഖ മന്ത്രി കെ. ബാബു, ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ, മുന്‍ ജില്ലാ കളക്ടര്‍ കെ.ആര്. വിശ്വംഭരന്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: