കൊല്ലം: കോടികള്‍ വാരിയെറിഞ്ഞ് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ജലോത്സവം കൊണ്ടാടുമ്പോള്‍ ചോദ്യചിഹ്നമാവുകയാണ് ഇരുമ്പുപാലം. നഗരത്തിന്റെ ഗതാഗതത്തിരക്കിന് ബദല്‍ മാര്‍ഗങ്ങള്‍ കാണാതെ ടൂറിസം വളര്‍ത്താനിറങ്ങിയവര്‍ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം നിര്‍മ്മാണം വൈകുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.
പാലം നിര്‍മ്മാണത്തിന് കോടികള്‍ അനുവദിച്ചിട്ടും കോടതി പറഞ്ഞിട്ടും കരാറുകാരന് തയാറായിട്ടും നടപടികള്‍ ഉണ്ടാകാത്തത് ഉന്നതന്മാര് നടത്തുന്ന കോഴക്കളി കൊണ്ടാണെന്നാണ് ആരോപണം. പാലം നിര്‍മ്മാണത്തിന് പണം അനുവദിപ്പിച്ചതിന്റെ പേരില്‍ എംഎല്‍എയുടെയും എംപിയുടെയുമൊക്കെ നാലാള് പൊക്കമുള്ള ഫ്ലക്സ്ബോര്‍ഡുകള്‍ ഉയര്‍ന്നതല്ലാതെ നടപടികള്‍ ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല.
കൊല്ലം തോടിന്റെ ആഴംകൂട്ടലും വികസനവും കുടിയൊഴിപ്പിക്കലും പുനരധിവാസവുമെല്ലാം മറ്റൊരു വഴിക്ക് താറുമാറായി കിടക്കുകയാണ്. തോട് ആഴം കൂട്ടുന്നതിന്റെ മറവില്‍ വന്‍ മണലൂറ്റ് നടന്നുവെന്ന ആരോപണവും ശക്തമാണ്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന നഗരമധ്യത്തിലാണ് ഇരുമ്പാപാലം നിലനില്‍ക്കുന്നത്. പൗരാണികതയുടെ പേരില്‍ ഇത് നിലനിര്‍ത്തണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. അതേസമയം സമാന്തരപാലമല്ലാതെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
സമാന്തരപാലം നിര്‍മ്മിച്ച് ഇരുമ്പ്പാലത്തിന് ശാപമോക്ഷം നല്‍കേണ്ട അധികൃതര്‍ വര്‍ഷാവര്‍ഷം വള്ളംകളി കൊണ്ടാടുന്നതിന് കോടികളുടെ നേര്‍ച്ചയുമായി മുന്നോട്ടു പോവുകയാണ്.
സമാന്തരപാലം നിര്‍മ്മാണം ഇഴയുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍. ജില്ലാ ഭരണകൂടത്തിന്റെയും എംപിമാരുടെയും എംഎല്‍എമാരുടെയും ഉല്ലാസവാഴ്ചയാണ് കൊല്ലത്ത് നടക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് ആരോപിച്ചു.
പാലം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഒപ്പുശേഖരണത്തിനൊരുങ്ങുകയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍. ഇതിന്റെ പരിപാടികള്‍ നാളെ നടക്കുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ തീരുമാനിക്കുമെന്ന് രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: