കൊച്ചി: ഒരിടവേളയ്ക്കുശേഷം എറണാകുളം ജില്ലയിലാകമാനം സിപിഎമ്മില്‍ ഗ്രൂപ്പിസവും ചേരിപ്പോരും രൂക്ഷമാകുന്നു. തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിക്ക് പുറമെ വൈറ്റില, പള്ളുരുത്തി എന്നിവിടങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ കലാപം കലുഷിതമായിരിക്കുകയാണ്. തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയില്പ്പെടുന്ന പെരുമ്പളം, ഉദയംപേരൂര്‍, മരട് ലോക്കല്‍ കമ്മറ്റികളില്‍ പോര് രൂക്ഷമാകുന്നതായുള്ള സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വൈറ്റില, പള്ളുരുത്തി എന്നിവിടങ്ങളിലും വിഭാഗീയത മൂര്ച്ഛിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയിരിക്കുന്നത്.
ജില്ലാ നേതൃത്വത്തിന്റെ അനുമതിയോ അറിവോ ഇല്ലാതെ പാര്‍ട്ടിയുടെ വൈറ്റില ഏരിയാ കമ്മറ്റി സെക്രട്ടറി അഡ്വ.സതീഷ് സ്ഥാനം ഒഴിഞ്ഞതാണ് ഉന്നതരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുന്നത്. സ്ഥാനം ഒഴിയുന്നതിനായി ഏരിയാ സെക്രട്ടറി ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി തെരഞ്ഞെടുത്ത സെക്രട്ടറി സ്ഥാനത്തുനിന്നും മാറണമെങ്കില്‍ ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക അനുമതി ആവശ്യമാണെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെയാണ് അഡ്വ. സതീഷ് സ്ഥാനത്തുനിന്നും ഒഴിവായതെന്നും എം.വി.തുളസീദാസിനെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ സെക്രട്ടറി സ്ഥാനത്തുനിന്നും സതീഷ് ഒഴിഞ്ഞിട്ടില്ലെന്ന വാദവുമായി വിഎസ് പക്ഷവും രംഗത്തുവന്നിട്ടുണ്ട്. വൈറ്റില ഏരിയാ കമ്മറ്റിയില്‍ ഈ പക്ഷത്തിനാണ് മുന്‍തൂക്കം എന്നും പറയപ്പെടുന്നു.
പള്ളുരുത്തി ഏരിയാ കമ്മറ്റിയിലും ചേരിപ്പോര് നിയന്ത്രിക്കുവാന്‍ പോലും കഴിയാത്തവിധം അതിരൂക്ഷമായ അവസ്ഥയിലാണെന്നും സൂചനയുണ്ട്. കടുത്ത വിഭാഗീയതയെത്തുടര്ന്നാണെന്ന് പറയപ്പെടുന്നു, കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന സിഐടിയു യൂണിയന് സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയതാണ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. യൂണിയന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ വിഎസ് വിഭാഗം നടത്തിയതായി പറയപ്പെടുന്ന ചില ശ്രമങ്ങള്‍ എതിര്‍വിഭാഗം തടയാന്‍ ശ്രമിച്ചതും ബഹളം മൂര്‍ച്ഛിക്കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: