നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ 2011-12 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിനുള്ള ലാഭവിഹിതം കൈമാറി. 15 കോടി എഴുപത്തിയെട്ട് ലക്ഷത്തോളം രൂപയാണ് സിയാല്‍ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എക്സൈസ് മന്ത്രിയും വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡംഗവുമായ കെ.ബാബു കൈമാറിയത്. ഇത്തവണ ഓഹരിയുടമകള്‍ക്ക് 16 ശതമാനം ലാഭവിഹിതമാണ് സിയാല്‍ നല്‍കിയത്. രാജ്യത്താദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച വിമാനത്താവളമായ സിയാലില്‍ നിലവില്‍ 17,000ത്തോളം ഓഹരിയുടമകളാണുള്ളത്.
2011-12 സാമ്പത്തികവര്‍ഷം സിയാലിന്റെ ആകെ വരുമാനം 275 കോടി രൂപയും നികുതി കഴിച്ചുള്ള ലാഭം 102 കോടി രൂപയുമാണ്. മുന്‍വര്‍ഷം ഇത് യഥാക്രമം 245 കോടിയും 90 കോടിയുമായിരുന്നു. ഇതുവരെ സിയാല്‍ കേരള സര്‍ക്കാരിന് ഏകദേശം 80 കോടിയോളം രൂപ ലാഭവിഹിതമായി നല്കി. 2003-04 മുതല്‍ തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് സിയാല്‍ ഡിവിഡന്റ് നല്കിക്കൊണ്ടിരിക്കുന്നത്. വൈദ്യുതിവകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ്, സിയാല്‍ കമ്പനി സെക്രട്ടറി ആര്.വെങ്കിടേശ്വരന് എന്നിവരും ലാഭവിഹിതം കൈമാറുന്ന വേളയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: