പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മുട്ടത്ത്മുകള് ഭാഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന താജ് പ്ലൈവുഡ് കമ്പനി നിര്‍മ്മാണത്തിലും പ്രവര്‍ത്തനാനുമതി നേടിയതിലും വന്‍ ക്രമക്കേട്. കരഭൂമിയുടെ സര്‍വ്വെ നമ്പര്‍ പ്രകാരം അനുമതി ലഭിച്ച താജ് കമ്പനി തൊട്ടടുത്തുള്ള നിലം നികത്തിയ ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് മുമ്പും നിരവധി കാരണങ്ങളാല്‍ വിവാദമായ ഈ കമ്പനിയുടെ അനുമതിക്കായി ഒരു പുരയിടത്തിന്റെ രേഖകളാണ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ കെട്ടിടവും മെഷീനുകളും സ്ഥിതി ചെയ്യുന്നത് അശമന്നൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 15ല്‍ റീസര്‍വ്വേ 276/3, 276/4-1 എന്നീ നമ്പറുകളില്‍പ്പെട്ട ഭൂമിയിലാണ്.
ഈ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട ഭൂമി നിലമാണ്. ഇവിടെ കമ്പനിക്ക് അനുമതി നല്കാന് പാടില്ലാത്തതുമാണ്. ഇതിന് പഞ്ചായത്തിലെ അധികൃതരില്‍ ചിലരും കൂട്ടുനില്‍ക്കുന്നതായി സമരസമിതി ചെയര്മാന് ആന്റോ ജോണ്‍ പറയുന്നു. ഈ കമ്പനിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വുഡ് പ്ലാനറ്റ് എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത് പട്ടികജാതിയില്‍പ്പെട്ട ഭൂരഹിതര്‍ക്ക് നല്കുന്ന മൂന്ന് സെന്റ് സ്ഥലം വീതമുള്ള കോളനി കൈവശപ്പെടുത്തിയാണെന്നും ആക്ഷേപമുണ്ട്.
ഈ കമ്പനികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത 19 സ്ത്രീകളടക്കം 24 പേര് ജയില്‍വാസം അനുഭവിച്ചിരുന്നതാണ്. എന്നാല്‍ വിവാദ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന് മൂവാറ്റുപുഴ ആര്‍ഡിഒ ഉത്തരവിട്ടു. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് അശമന്നൂര്‍ വില്ലേജ് ഓഫീസര്‍ മുഖേന കമ്പനി ഉടമകളായ പള്ളിപ്രം മടത്താട്ടില് ജമീര്‍, പ്ലാക്കല്‍ വീട്ടില്‍ തന്‍സീര്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്. അനധികൃത പ്ലൈവുഡ് കമ്പനികളെ സഹായിക്കുന്ന അശമന്നൂര്‍ പഞ്ചായത്തിന്റെ നടപടികള്‍ക്കെതിരെ സമരപരിപാടികള്‍ നടത്തുമെന്ന് സമരസമിതി ഭാരവാഹികളായ ആന്റോ എബ്രഹാം, കെ.ജി.സദാനന്ദന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: