കൊച്ചി: പെരുമ്പാവൂര്‍ താലൂക്കിലെ വേങ്ങൂര്‍ വെസ്റ്റ് വില്ലേജിലുള്പെട്ട ചൂരമുടിമലയില് അനധികൃതമായി പ്രവര്‍ച്ചിരുന്ന രണ്ടു പാറമടകള്‍ മൂവാറ്റുപുഴ ആര്‍ഡിഒ എസ്.ഷാനവാസ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടു ജെസിബിയും ഒരു ടിപ്പര്‍ ലോറിയും പിടിച്ചെടുത്ത് പോലീസിനെ ഏല്പിച്ചിട്ടുണ്ട്.
പാറമടകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെയാണ് ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുറമ്പോക്ക് പ്രദേശത്താണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് മുന്‍പ് കളക്ടറും ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടിരുന്നതായും ആര്‍ഡിഒ പറഞ്ഞു. ചൂരമുടിമലയുടെ മുകളില്‍ തന്നെ പാറമടയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പാറമടയുടെ പ്രവര്‍ത്തനം മൂലം മലമുകളിലുള്ള കുടിവെള്ളടാങ്കിന് ചോര്ച്ചയുണ്ടായതായുള്ള പരാതിയില്‍ വാട്ടര്‍ അതോറിറ്റി അധികൃതരോട് ഉടന്‍ റിപ്പോര്‍ട്ട് സമര്പിക്കാന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആര്‍ഡിഒ അറിയിച്ചു.
രായമംഗലം വില്ലേജിലെ കുറുപ്പംപടി പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കരമണല്‍ വിതരണ കേന്ദ്രത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 12 ലോഡ് പുഴമണല്‍ പിടിച്ചെടുത്ത് പോലീസിനെ ഏല്പിച്ചതായും ആര്‍ഡിഒ അറിയിച്ചു. 2010 ലെ ഹൈക്കോടതി വിധി പ്രകാരം പുഴമണല്‍ സംഭരണം ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്. കരമണല്‍ പാസിന്റെ മറവില്‍ പുഴമണല്‍ സംഭരിക്കുന്നുവെന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും എസ്.ഷാനവാസ് പറഞ്ഞു. പുഴമണല്‍ സംഭരിച്ച് വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് താത്കാലികമായി സസ്പെന്റ് ചെയ്തു. പിടിച്ചെടുത്ത പുഴമണല്‍ ലേലം ചെയ്യാനുളള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: