പെരുമ്പാവൂര്‍: ഉഡുപ്പിയില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്നവരെ സഹായിക്കുവാന്‍ ആരുമുണ്ടായില്ലെന്നും ഇവര്‍ ആശുപത്രിചെലവിന് ബുദ്ധിമുട്ടുകയായിരുന്നുവെന്നുമുള്ളരീതിയില് ഒരു പ്രമുഖ മലയാള ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജന:സെക്രട്ടറി വി.ജി.ശശികുമാര്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞുയുടനെ തന്നെ ആദ്യം ഓടിയെത്തിയത് മംഗലാപുരത്തുള്ള ആര്‍എസ്എസ് അധികാരികളും പരിവാര്‍ സംഘടനാ പ്രവര്‍ത്തകരുമായിരുന്നു. മരണമടഞ്ഞവരുടെ മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധചികിത്സ ഉറപ്പ് വരുത്തുന്നതിനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒപ്പം നിന്ന് സഹായിച്ചു. ബിഎംഎസ് കാസര്‍ഗോഡ് മേഖലാ ഭാരവാഹി ശ്രീനിവാസന്, ആര്‍എസ്എസ് മംഗലാപുരം വിഭാഗ് സഹകാര്യവാഹക് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ആദ്യമെത്തിയത്. ഇത് പിന്നീട് വിവരമറിഞ്ഞെത്തിയ വെങ്ങോല നിവാസികള്‍ക്ക് ബോധ്യമായതാണെന്നും ശശികുമാര്‍ പറഞ്ഞു. പരിക്കേറ്റവരുടെ പ്രാഥമിക ചികിത്സാ ചെലവ് വഹിച്ചതും ഇവര്‍തന്നെയാണ്. ചികിത്സയുടെ ഓരോഘട്ടത്തിലും ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് എന്നിവര്‍ മംഗലാപുരത്തെ ആശുപത്രിയിലെത്തി സഹായങ്ങള്‍ എത്തിച്ചിരുന്നു. വളയന്‍ചിറങ്ങര മന്നം വിദ്യാഭവനിലെ വിദ്യാര്‍ത്ഥിയായ നന്ദുവിന്റെ ചികിത്സാ ചെലവിനായി പിടിഎ ധനസഹായം പ്രഖ്യാപിച്ചിരുന്നു. വളയന്‍ചിറങ്ങര ഹയര്‍സെക്കന്ററി സ്കൂളും, എന്‍എസ്എസ് കരയോഗവും ഷാജിയുടെ കുടുംബത്തിന് ചികിത്സാസഹായം നല്‍കുന്നുണ്ട്. നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്തതില്‍ ചികിത്സാ ചെലവിനായി ഉപയോഗിച്ചതില്‍ ബാക്കിതുക ഷാജിയുടെ കുടുംബത്തെ ഏല്‍പ്പിച്ചതായും ശശികുമാര്‍ പറഞ്ഞു. ഇതൊന്നും അറിയാതെയും അന്വേഷിക്കാതെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി.
ഷാജിയുടെ ആഗ്രഹം നിറവേറ്റുമെന്ന് ഭാര്യ ലളിത;
അച്ഛന് വേര്പിരിഞ്ഞതറിയാതെ അരുണിമ
പെരുമ്പാവൂര്‍: ഉഡുപ്പിയില്‍ പഡുബിദ്രക്കടുത്ത് യര്മാലില് വെച്ചുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് തങ്ങളുടെ താങ്ങും തണലുമായിരുന്ന ഭര്‍ത്താവ് നടുകൂടിപറമ്പില് ഷാജി (45)യെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആഗ്രങ്ങള്‍ ഒന്നൊന്നായി നിറവേറ്റുവാന്‍ ശ്രമം നടത്തുമെന്ന് ഭാര്യലളിത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലളിതയും അപകടത്തില്‍ സാരമായി പരിക്കേറ്റ മകള്‍ അരുണിമയും വെങ്ങോലയിലെ ഷാജിയുടെ വീട്ടില്‍ തിരിച്ചെത്തിയത്. ഷാജിക്ക് കുടുംബത്തേക്കാളും മക്കളെക്കാളും സ്നേഹവും കാര്യവും അദ്ദേഹത്തിന്റെ മരപ്പണിശാലയോടായിരുന്നു. വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്മക്കളുടെയും ഉന്നത പഠനവും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. മൂത്തമകള്‍ അഞ്ജനക്ക് കഴിഞ്ഞ സ്കൂള്‍ കായികമേളയില്‍ ഷോട്പുട്ടിന് തലനാരിഴയ്ക്കാണ് വെളളിമെഡല്‍ നഷ്ടമായത്. മക്കളുടെ കായിക വളര്‍ച്ചക്കും വിദ്യാഭ്യാസകാര്യത്തിനും എന്ത്ചെലവ് ചെയ്യുന്നതിനും ഷാജി ഒരുക്കമായിരുന്നെന്നും ലളിത നിറകണ്ണുകളോടെ ജന്മഭൂമിയോട് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ 15ന് ഉണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ നിന്നും മകള്‍ അരുണിമ ഇതുവരെയും മോചിതയായിട്ടില്ല. ആരേക്കാളും ഏറെ സ്നേഹനിധിയായ അച്ഛന്റെ വേര്‍പാട് ഇതുവരെ ഈ എട്ടാംക്ലാസുകാരിയെ അറിയിച്ചിട്ടില്ല. അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ ശബരിമലയിലും വേളാങ്കണ്ണിലേക്കുമെല്ലാം ഓട്ടം പോയിരിക്കുകയാണെന്നാണ് പറയുന്നതെന്നും ലളിത പറഞ്ഞു. സഹോദരന്മാരോടൊപ്പം നിന്ന് ഷാജിയുടെ മരപ്പണിശാല തുറന്ന് പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും ഇതിലൂടെ മക്കളുടെ ഭാവി ഭദ്രമാക്കുമെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: