കൊച്ചി: കടന്നുവന്ന വഴികളിലെ കൊച്ചു സ്വപ്നങ്ങളെയും ദുരന്തങ്ങളെയും ഒരുപോലെ മനസില്‍ ആവാഹിച്ച നേരറിവിന്റെ ആള്‍രൂപമായിരുന്നു ലോഹിതദാസെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍ അനുസ്മരിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നടന്നുവന്ന ലോഹിതദാസ് സ്മാരക അഖിലേന്ത്യ ഹ്രസ്വചിത്രോല്സവ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്മമാരെ അഭ്രപാളിയില്‍ സൃഷ്ടിച്ചപ്പോള്‍ സ്വന്തം ജീവിതാനുഭവം കൂടി ചേര്‍ത്ത ലോഹിയെ പക്ഷേ ജീവിതം കടുത്ത യാഥാര്ഥ്യങ്ങളോടെയാണ് പുണര്‍ന്നത്. അതുകൊണ്ടുതന്നെയാണ് ലോഹിയുടെ എഴുത്തുവഴി ഇന്നും നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്ന ഓര്‍മയായി നില്‍ക്കുന്നത്. ആര്‍ദ്രമായ മനസിന്റെ ഉടമയായ അദ്ദേഹം മാനവികതയുടെ സുവിശേഷമാണ് തന്റെ കഥകളിലൂടെ പ്രചരിപ്പിച്ചത്- ജോണ്‍ പോള്‍ നിരീക്ഷിച്ചു.
കടലാസില്‍ വിജയിച്ച ഒരഴുത്തുകാരനല്ല ലോഹിതദാസെന്നും സെല്ലുലോയിഡില്‍ വിജയിച്ച അപൂര്‍വം എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ കല്‍പ്പറ്റ നാരായണന് പറഞ്ഞു. എണ്‍പതുകളിലും തൊണ്ണൂറുകളിലും സിനിമയില്‍ എഴുത്തുകാരുടെ ഭരണമായിരുന്നുവെങ്കില്‍ അതിന് നേതൃത്വം നല്കിയവര് ലോഹിയും ശ്രീനിവാസനുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അവഗണിക്കപ്പെടുന്ന ഒരു ജനതയെ അടുത്തറിയുന്ന മനസായിരുന്നു ലോഹിയുടേത്. എണ്‍പതുകളില്‍ മലയാളിയെ വിഷമിപ്പിച്ച കഥാപാത്രങ്ങളിലേറെയും അദ്ദേഹത്തിന്റേതായിരുന്നു. ധാരണയുടെ അതിമാനം ഓരോ കഥാപാത്രത്തിലും സൂക്ഷിച്ചുവയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായും കല്‍പ്പറ്റ ചൂണ്ടിക്കാട്ടി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംവിധായകനും തിരക്കഥകൃത്തുമായ വി.ആര്. ഗോപിനാഥന്, നിര്‍മാതാവ് ശശി അയ്യഞ്ചിറ, മറാത്തി ഹ്രസ്വചിത്ര സംവിധായകനും ചിത്രോല്സവ ജൂറിയുമായ ഉമേഷ് വിനായക് കുല്‍ക്കര്‍ണി, സംവിധായകന്മാരായ ആഷിഖ് അബു, വി.കെ. സുഭാഷ്, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.മേരി മെറ്റില്‍ഡ എന്നിവര്‍ പ്രസംഗിച്ചു. ചിത്രോല്സവ ഡയറക്ടര്‍ പ്രൊഫ. സി.ആര്. ഓമനക്കുട്ടന് സ്വാഗതവും മഹാരാജാസ് യൂത്ത് തീയറ്റര്‍ ചെയര്മാന് ടി.ടി. ശിവരാജ് നന്ദിയും പറഞ്ഞു. ലോഹിതദാസിന്റെ ഭാര്യ സിന്ധു, മക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: