കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളെ ഏത് തരത്തില്‍ ദ്രോഹിക്കാമെന്ന് നോക്കുകയാണ്. ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത് ഇന്ധന വിതരണക്കാരുടെ കമ്മീഷന് വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ്. പെട്രോള്‍ കമ്മീഷന് 14.99 ല്‍നിന്ന് 17.99 രൂപയായി. ഡീസല്‍ കമ്മീഷന് 91 പൈസയില്‍നിന്ന് 1.09 രൂപയാക്കി. ഇതേ പാത പിന്തുടര്ന്ന് കേരള സര്‍ക്കാര്‍ ഓട്ടോ ടാക്സി നിരക്ക് കൂട്ടാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്ജ് 12 രൂപയില്‍ നിന്നും 15 ആക്കുകയും കിലോമീറ്ററിന് ഏഴുരൂപയില്നിന്നും എട്ടു രൂപയാക്കുകയും ചെയ്തു. ടാക്സിയുടെ കുറഞ്ഞ നിരക്ക് 60 ല്‍നിന്നും 100 ഉം കിലോമീറ്റര്‍ നിരക്ക് എട്ടില്‍നിന്നും പത്തും ആയി. സാധാരണക്കാരെയും വെറുതെ വിടാതെ ബസ് ചാര്‍ജും അഞ്ചു രൂപയില്‍നിന്ന് ആറ് രൂപയാക്കാനും നീക്കമുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ 50 ശതമാനം അധികം ചാര്‍ജ് ഈടാക്കും. 2011 ജൂലൈയിലായിരുന്നു ഇതിന് മുന്‍പ് കമ്മീഷന് വര്‍ധിപ്പിച്ചിരുന്നത്. എല്‍പിജി വിതരണക്കാരുടെ കമ്മീഷനും ഈ മാസം ആദ്യം സിലിണ്ടറിന് 19.42 രൂപയാക്കിയിരുന്നു.
ഇതോടെ ആട്ടോ ടാക്സി പണിമുടക്ക് ഒഴിവായി എങ്കിലും നവംബര്‍ 10 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. കേരളത്തില്‍ കറന്റ് ചാര്‍ജ്ജ് വര്‍ധനയും ലോഡ്ഷെഡിംഗും നിലവില്‍ വന്ന് ജനത്തിന് ഇരുട്ടടി നല്കിയ ഇലക്ട്രിസിറ്റി ബോര്‍ഡ് വീട്ടമ്മമാരുടെ ഇന്‍ഡക്ഷന്‍കുക്കര്‍ ഉപയോഗം നിയന്ത്രിക്കാന്‍ രാവിലെ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ കാട്ടിയ വ്യഗ്രത പക്ഷെ സംസ്ഥാനത്ത് വ്യാപകമായ അലങ്കാര ദീപ ദുരുപയോഗം തടയാന്‍ ഒരു നീക്കവും നടത്തുന്നില്ലെന്നത് ദുരൂഹമാണ്. അലങ്കാര ദീപങ്ങള്‍ പാടില്ല എന്ന ഉത്തരവ് തൃണവല്‍ഗണിച്ചാണ് വ്യാപകമായ അലങ്കാര ദുര്‍വിനിയോഗം. പൊതുജനം കഴുതയാകുന്നത് ഏത് ചാട്ടവാറടിയും നിസ്സംഗതയോടെ സ്വീകരിക്കുന്നു എന്നതിനാല്‍ കൂടിയാണ്. ഇപ്പോള്‍ വീട്ടമ്മമാര്‍ പാചകത്തിനായി ഡീസലിലേയ്ക്ക് തിരിയുന്നത് മണ്ണെണ്ണ വില 50 രൂപയ്ക്ക് മേല്‍ ഉയര്‍ന്നതിനാലാണ്. ഇതിലെ പാരിസ്ഥിതിക പ്രശ്നങ്ങളും അപകട സാധ്യതയും അവഗണിച്ചാണ് ഈ നടപടി. ഇത് ഡീസല്‍ വില ഇനിയും കൂട്ടാന്‍ പ്രേരകമാകാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: