കൊട്ടാരക്കര: കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാന്റെ പേരിലുള്ള ഏക സ്മാരകം മഹാഗണപതിക്ഷേത്രത്തിനു സമീപമുള്ള തമ്പുരാന്റെ സ്വന്തം കൊട്ടാരത്തിലേക്ക് മാറ്റിയിട്ടും ശനിദശ മാറുന്നില്ല. കഥകളി ശില്‍പ്പങ്ങള്‍ക്ക് തുണിയില്ലാത്തത് മൂലം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കഥകളിയുടെ വിവിധ വേഷങ്ങളായ പച്ച, കത്തി, താടി, കരി, മിനുക്ക്, കാട്ടാള വേഷം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ ഒന്‍പതു വേഷങ്ങളാണ് തുണിയുടുപ്പിക്കാത്തത് മൂലം ഇരുട്ടു മുറിയില്‍ തള്ളിയിരിക്കുന്നത്.
കഥകളി ശില്പങ്ങള്ക്ക് കൃത്രിമത്വം ഇല്ലാതെ യഥാര്‍ത്ഥ തുണി, കിരീടം എന്നിവ ധരിപ്പിച്ചായിരുന്നു പ്രദര്‍ശിപ്പിച്ചത്. കാലപ്പഴക്കം മൂലം ഇവ നശിക്കുകയും വാടകകെട്ടിടത്തില് നിന്നും തമ്പുരാന്റെ കൊട്ടാരത്തിലേക്ക് മാറിയപ്പോള്‍ ഇവ മാറ്റുകയും ചെയ്തു. പുതിയ തുണിയും കിരീടവും മാറ്റി സ്ഥാപിക്കുന്നതിന് ശില്പം ഒന്നിന് ഒന്നേകാല്‍ലക്ഷം രൂപ ക്രമത്തില്‍ ചെറുതുരുത്തി കലാമണ്ഡലത്തിന് നല്കാന് ധാരണയായെങ്കിലം തുണി ഉടുപ്പിക്കല്‍ നീണ്ടുപോകുകയാണ്. കലാമണ്ഡലം അധികൃതര്‍ക്ക് സമയമില്ലാത്തതുകൊണ്ടാണ് നീളുന്നതെന്നും മനപൂര്‍വം കാലതാമസം വരുത്തുകയാണെന്നും ആരോപണമുണ്ട്.
തൃക്കണ്ണമംഗലില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മ്യൂസിയം ഒന്നരവര്‍ഷം മുന്‍പാണ് ദേവസ്വം ബോര്‍ഡിന്റെ പൈതൃക കലാകേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന തമ്പുരാന്റെ കെട്ടിടത്തിലേക്ക് മാറ്റിയത്. സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് വകപ്പുകള്‍ തമ്മില്‍ ധാരണയായി മ്യൂസിയം ഇവിടേക്ക് മാറ്റുമ്പോള്‍ തമ്പുരാന്റെ പേരിലുള്ള സ്മാരകത്തിന്റെ പ്രയോജനം കൂടുതല്‍ പേരില്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ ഒന്നരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇവിടെയുള്ള വിവിധ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബോര്‍ഡ് സ്ഥാപിക്കല്‍ നടപടികള്‍ പോലും ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കകം ബോര്‍ഡ് സ്ഥാപിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയും എന്നാണ് അധികൃതരുടെ വിശ്വാസം.
ജി. സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: