ന്യൂദല്‍ഹി: കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദിനെതിരായ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഭാര്യ ലൂയിസ് ഖുര്‍ഷിദ് നല്കിയ മാനനഷ്ടക്കേസില്‍ ടി.വി ടുഡെ ടെലിവിഷന്‍ ഗ്രൂപ്പിന് ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ടിവിയുടെ ചെയര്‍മാനും എംഡിയുമായ അരുണ്‍ പുരിയും മറ്റ് 13 ചാനല്‍ ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ലൂയിസ് ഹര്‍ജി നല്‍കിയത്. തന്നെയും തന്റെ കുടുംബത്തേയും കരിവാരിത്തേക്കാന്‍ ചാനല്‍ മന:പ്പൂര്‍വം ശ്രമിക്കുകയായിരുന്നുവെന്നാണ് ലൂയിസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത് ഇത് പ്രകാരം തനിക്ക് ഒരു കോടി രൂപ് നഷ്ടപരിഹാരം നല്‍കണമെന്നും ലൂയിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സല്മാന് ഖുര്‍ഷിദിന്റെ നിയന്ത്രണത്തിലുള്ള സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ മറവില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ചാനല്‍ പുറത്തുവിട്ടിരുന്നത്. ഇക്കാര്യത്തില്‍ മറുപടി നല്‍കാനായി നാലാഴ്ച്ചത്തെ സമയവും കോടതി ചാനലിന് അനുവദിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ 17 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുവഴി വികലാംഗരായ കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര സാമൂഹിക വകുപ്പ് ക്ഷേമമന്ത്രാലയം വഴിവിട്ട് 71 ലക്ഷം രൂപ നല്‍കിയെന്നാണ് ചാനല്‍ പുറത്തുകൊണ്ടുവന്നത്. ഇങ്ങനെ നേടിയെടുത്ത പണം ഉപകരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചിട്ടില്ലെന്നും ക്യാമ്പുകള്‍ നടത്തിയിട്ടില്ലെന്നും ചാനല്‍ പുറത്തുകൊണ്ടുവന്നിരുന്നു.
എന്നാല്‍ ചാനലിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ഖുര്‍ഷിദും ഭാര്യയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ക്യാമ്പുകള്‍ നടത്തിയതിന്റെ രേഖകള്‍ കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ചാനലിനെതിരെ ലൂയിസ് മാനനഷ്ടക്കേസ് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: