മുംബൈ: ആരോപണ വിവാദത്തില്‍ ഗഡ്കരിക്ക് ഉറച്ച പിന്തുണയുമായി ശിവസേനാ തലവന്‍ ബാല്‍താക്കറെ. ബിജെപി ദേശീയപ്രസിഡന്റ് നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിനെ സ്വാധീനിച്ച് അനധികൃതമായി കര്‍ഷകഭൂമി തട്ടിയെടുത്തെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. ഗഡ്കരി കുറ്റക്കാരനല്ലെന്നും വിവാദഭൂമി അദ്ദേഹം പാട്ടത്തിനെടുത്തതാണെന്നും ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയലില്‍ താക്കറെ പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് അരവിന്ദ് കേജ്രിവാളും കൂട്ടാളിയായ അഞ്ജലി ദമാനിയയും ചേര്‍ന്ന് ഗഡ്കരി വിദര്‍ഭയിലെ നൂറേക്കര്‍ കൃഷിഭൂമി സംസ്ഥാന സര്‍ക്കാരിനെ സ്വാധീനിച്ച് നേടിയതെന്ന ആരോപണവുമായി രംഗത്തെത്തിയത്. കേജ്രിവാളും അഞ്ജലിയും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവര്‍ക്ക് അണ്ണാ ഹസാരെയുടെ ഗതിയുണ്ടാകുമെന്നും അധികം വിശദീകരിക്കാതെ താക്കറെ പറയുന്നു.
ഗഡ്കരി ഭൂമി നേടിയതിലും അവിടെ പദ്ധതി ആരംഭിച്ചതിലും കേജ്രിവാളോ അഞ്ജലിയോ കുണ്ഠിതപ്പെടേണ്ട കാര്യമില്ല. അദ്ദേഹം തട്ടിയെടുക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ല. താക്കറെ പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ബിജെപി-ശിവസേന സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അജിത് പവാര്‍ ജലവിഭവ വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ അനേകകോടി രൂപയുടെ ജലസേചന അഴിമതിയാണ് നടത്തിയതെന്ന് എന്‍സിപിയെ ആക്രമിച്ചു കൊണ്ട് താക്കറെ കുറ്റപ്പെടുത്തി. ബിജെപി തലവന്‍ 1999 മുതല്‍ ചെറിയ നേട്ടങ്ങള്‍ക്കായി സംസ്ഥാനം ഭരിക്കുന്ന എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് നിരവധി അഴിമതികള്‍ നടത്താന്‍ നിശ്ശബ്ദം ഇരുന്നു കൊടുക്കുകയായിരുന്നു എന്നാണ് കേജ്രിവാള് ചൂണ്ടിക്കാട്ടിയത്. ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഗഡ്കരി അത് കൃഷിഭൂമിയല്ലെന്നും ഒരു സന്നദ്ധ സംഘടനയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്നും മറുപടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: