ന്യൂദല്‍ഹി: ഫണ്ട് തിരിമറിയില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിനെ മന്ത്രിസഭയില്‍ തരംതാഴ്ത്തുമെന്നോ പുറത്താക്കുമെന്നോ ആരും കരുതേണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അംബികാസോണി. മന്ത്രിമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ പങ്കെടുത്ത ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരോട് കാത്തിരിക്കാന്‍ ആംഗ്യകാട്ടി ചോദ്യങ്ങള്‍ക്കുത്തരം പറയാതെ ഒഴിഞ്ഞുമാറി.
ഒഴിവാക്കണമോ എന്ന ചിന്തതന്നെയില്ല. അവിഹിതമായി ഒന്നും നടന്നിട്ടില്ലെന്ന് ഖുര്‍ഷിദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്തിനാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന് ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് ചോദിച്ചു.
ഖുര്‍ഷിദ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞതില്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്ന് അംബികാസോണി വ്യക്തമാക്കി. ഡോ.സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റ് 2003മുതല്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചു വരികയാണെന്ന സാമൂഹ്യക്ഷേമ മന്ത്രി മുകുള്‍ വാസ്നിക്കിന്റെ പ്രസ്താവനയും അവര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ അന്വേഷണം നടത്താമെന്നും അംബികാസോണി വ്യക്തമാക്കി. ഖുര്‍ഷിദിനെതിരായ അരവിന്ദ് കേജ്രിവാള് അടുത്തിടെ ഉന്നയിച്ച ആരോപണങ്ങളെ വകവയ്ക്കാതെയാണ് അവര്‍ പ്രതികരിച്ചത്. കേജ്രിവാള് ചോദിക്കുന്ന ചോദ്യങ്ങളെല്ലാം മുഖവിലയ്ക്കെടുക്കേണ്ടതില്ല. ആദ്യം ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും പിന്നീട് മണിക്കൂറുകളിടവിട്ട് അത് തിരുത്തി ആവര്‍ത്തിക്കുകയും ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു. കേജ്രിവാളിന്റെ ആരോപണങ്ങളില്‍ കഴമ്പോ തെളിവുകളുടെ പിന്‍ബലമോ ഇല്ലെന്നും സോണി വ്യക്തമാക്കി. ആരെങ്കിലും വെറുതെ എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ മാത്രം പോര, ആരോപണങ്ങള്‍ തെളിയിക്കാനുതകുന്ന ശക്തമായ തെളിവുകളും ഹാജരാക്കണം. അതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ അന്വേഷണം നടത്താന്‍ കഴിയൂ. ആരോപണവിധേയരായ ബിജെപി മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിനെ അംബികാസോണി തള്ളിക്കളഞ്ഞു.
ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് യുപി സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി അന്വേഷണ പുരോഗതി വിലയിരുത്തുമെന്നും അവര്‍ പറഞ്ഞു. ഖുര്‍ഷിദിന്റെ അംഗീകാരം അഭിമാനകരമാണെന്നും അദ്ദേഹത്തിന്റെ പാരമ്പര്യം മാധ്യമപ്രവര്‍ത്തകര്‍ അറിയുന്നതാണെന്നും സോണി വ്യക്തമാക്കി.
ആരോപണങ്ങള്‍ക്കെതിരെ രംഗത്തുവന്ന ഖുര്‍ഷിദ് നിയമനടപടികളുമായി മുന്നോട്ടു പോകും.ആരോപണങ്ങളെ ഭയക്കാത്ത മനുഷ്യന് അവയ്ക്ക് ശരിയായ മറുപടി നല്‍കാനും കഴിയും. ബാക്കി കാര്യങ്ങള്‍ അഭിഭാഷകര്‍ നോക്കിക്കൊള്ളുമെന്ന് ഖുര്‍ഷിദ് പറഞ്ഞതായും സോണി കൂട്ടിച്ചേര്‍ത്തു. ചെറുകിട മേഖലയിലെ വിദേശനിക്ഷേപം സ്റ്റേ ചെയ്യേണ്ടെന്ന സുപ്രീംകോടതി വിധിയും യോഗം ചര്‍ച്ച ചെയ്തു. ജനോപകാരപ്രദമായ പദ്ധതികളാവിഷ്കരിക്കാനും തീരുമാനവുമായി മുന്നോട്ടു പോകും. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയയുടെ ചിത്രം സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉപയോഗിച്ചതിനെതിരെ നല്കിയ പൊതുതാത്പര്യഹര്ജിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 18ന് അത് കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നും സര്‍ക്കാര്‍ അതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അംബികാ സോണി പറഞ്ഞു.
ഇതിനിടെ, കേന്ദ്രനിയമമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ അഴിമതി ആരോപണങ്ങള്‍ ന്യായീകരിച്ച് കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മയും രംഗത്തെത്തി. 71 ലക്ഷത്തിന്റെ അഴിമതി ഒരു മന്ത്രിയെ സംബന്ധിച്ച് ചെറുതാണെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ഷിദിനെതിരായ ആരോപണം വലുതായിരുന്നുവെങ്കില്‍ ഗൗരവമായി എടുത്തേനെയെന്നും ബേനി പ്രസാദ് പറഞ്ഞു. 71 ലക്ഷത്തിന്റെ അഴിമതി ഖുര്‍ഷിദ് നടത്തിയതായി താന്‍ വിശ്വസിക്കുന്നില്ല. 71 ലക്ഷം ഒരു മന്ത്രിയെ സംബന്ധിച്ച് ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബേനി പ്രസാദ്.
ഖുര്‍ഷിദ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: