ന്യൂദല്‍ഹി: 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിലുണ്ടായ പരാജയകാരണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതായി വെളിപ്പെടുത്തല്‍. അന്ന് യുദ്ധത്തിന് ഇന്ത്യന്‍ സൈന്യം സജ്ജമായിരുന്നില്ലെന്നും സൈനിക നേതൃത്വം വളരെ ദുര്‍ബലമായിരുന്നു എന്നുമുള്ള കണ്ടെത്തലാണ് പൂഴ്ത്തിവച്ചതെന്ന് ഒരു ഇംഗ്ലീഷ് പത്രം വിവരിക്കുന്നു. 1962ല്‍ പ്രതിരോധവകുപ്പിന് നല്കിയ ഹെന്ഡേഴ്സണ് ബ്രൂക്ക്സ്-പി.എസ്.ഭഗത് റിപ്പോര്‍ട്ടിന്റെ നാല്‍പ്പതു പേജു വരുന്ന ആമുഖത്തിലാണ് ജനറല്‍ ജെ.എന്‍.ചൗധരി പരാജയ കാരണങ്ങള്‍ അടിവരയിട്ട് ചൂണ്ടിക്കാണിക്കുന്നത്. വര്‍ഷം അമ്പതു കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.
റിപ്പോര്‍ട്ടിന്റെ ആമുഖത്തിലെ നാലു പേജുകളില്‍ ഒരുമാസം നീട്ടിക്കൊണ്ടുപോയ യുദ്ധത്തിനിടെ അന്നത്തെ പ്രതിരോധമന്ത്രി വി.കെ.കൃഷ്ണമേനോന് സൈനികവിഷയങ്ങളില്‍ നടത്തിയ അനാവശ്യ ഇടപെടലുകളെക്കുറിച്ചാണ് പറയുന്നത്. സേനാതലവന്മാരെ മാറ്റിയ സംഭവങ്ങള്‍ എടുത്തു പറയുന്നു. റിപ്പോര്‍ട്ടിലോ ആമുഖത്തിലോ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ച് പരാമര്‍ശങ്ങളില്ല.
പരാജയത്തിന്റെ പ്രാഥമിക കാരണമായി ആയുധങ്ങളുടെയോ വെടിക്കോപ്പുകളുടെയോ അഭാവമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മറിച്ച് ദുര്‍ബലമായ സൈനികനേതൃത്വമാണ് പരാജയത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാലുവോള്യങ്ങളിലുള്ള റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ 150 പേജുകളിലൊതുങ്ങും. യുദ്ധത്തിനുശേഷം സൈനികമേധാവിയായി ചുമതലയേറ്റ ജനറല്‍ ചൗധരിക്ക് 1963ല്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് വിശദമായ ആമുഖക്കുറിപ്പോടെ പ്രതിരോധമന്ത്രാലയത്തിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: