ന്യൂദല്‍ഹി: സിയാച്ചിനില്‍ തമ്പടിച്ചിരിക്കുന്ന ഭാരതീയ വ്യോമസേനയ്‌ക്ക് പ്രതിരോധത്തിനായി 12 ചെറു ഹെലികോപ്ടറുകള്‍ കൂടി ലഭ്യമാകും. 12 ചീറ്റല്‍ ഇനത്തില്‍പ്പെട്ട ഹെലികോപ്ടറുകള്‍ വേണമെന്ന അപേക്ഷ പ്രതിരോധമന്ത്രാലയത്തിന് വ്യോമസേന അയച്ചിട്ടുണ്ട്. ഇത് വടക്കന്‍മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ആക്രമണത്തിനും പ്രതിരോധത്തിനും ഒരു പോലെ ഉപയോഗപ്പെടുമെന്ന് വ്യോമസേനാ ഉന്നത വക്താവ് അറിയിച്ചു. എച്ച് എ എല്‍ മുമ്പ് വികസിപ്പിച്ച ശക്തികൂടിയ ചീറ്റ ഹെലികോപ്ടറുകളുടെ എഞ്ചിനുകള്‍ നവീകരിച്ചാണ് ചീറ്റല്‍ ഹെലികോപ്ടറുകളില്‍ ഉപയോഗിക്കുന്നത്.
നിലവില്‍ ജമ്മു കാശ്മീരിലെ ലേ, തോയിസ് എന്നീ സ്ഥലങ്ങളില്‍ ചീറ്റ, ചേതക് വ്യോമസേനാവ്യൂഹങ്ങളെ വിന്യസിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സൈനികത്താവളമായ സിയാച്ചിനില്‍ തമ്പടിച്ചിരിക്കുന്ന ഇന്ത്യന്‍പട്ടാളത്തെ സഹായിക്കാനാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വ്യോമ-കരസേനകള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കമാണ് ചീറ്റയും ചേതകും മാറ്റി പകരം ചെറുകിട ആവശ്യങ്ങള്‍ക്കായുള്ള ചീറ്റല്‍ ഹെലികോപ്ടറുകള്‍ കൊണ്ടുവരുന്നതിന് കാലതാമസം നേരിട്ടതെന്നും അവര്‍ പറഞ്ഞു.
ഇത്തരം 197 ഹെലികോപ്ടറുകള്‍ക്കാണ് പ്രതിരോധവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. അതില്‍ 133 എണ്ണം കരസേനയ്‌ക്കും ബാക്കിയുള്ളവ വ്യോമസേനയ്‌ക്കുമായി നല്‍കും. നാവികസേനയും 56 ഹെലികോപ്ടറുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇത് നിലവിലെ ചീറ്റ, ചേതക് മോഡലുകള്‍ക്ക് പകരം വയ്‌ക്കുന്നതായിരിക്കും.
ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ അതിവേഗം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അടുത്ത അഞ്ചു മുതല്‍ പത്തു വര്‍ഷത്തേക്ക് സേനാവിഭാഗങ്ങളില്‍ ആയിരത്തോളം ഹെലികോപ്ടറുകളുടെ ആവശ്യകത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: