ചെറുപുഴ: പകലും രാത്രിയും സമയവ്യത്യാസമില്ലാതെ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ അധികൃതര്‍ക്ക് മാതൃകയാക്കാന്‍ ഒരു ഗ്രാമം. പവര്‍കട്ടിനെ കുറിച്ച് ചിന്തിക്കാതെയും ഭാരിച്ച വൈദ്യുതി ബില്ലിനെകുറിച്ച് പേടിക്കാതെയും ഗ്രാമത്തിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ സമ്പൂര്‍ണ്ണ വൈദ്യുതി സ്വയം പര്യാപ്തമായ ഗ്രാമം എന്ന് വിശേഷിപ്പിക്കാവുന്ന കര്‍ണ്ണാടക വനത്തിന് ഉള്ളിലെ മലയാളി ഗ്രാമമായ മുന്താരി. ഈ ഗ്രാമത്തിലുള്ള ൩൫ ഓളം വീടുകളോടനുബന്ധിച്ച് സ്വന്തമായുണ്ടാക്കിയ മിനി വൈദ്യുതി പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തെ മാത്രമാണിവര്‍ വെളിച്ചത്തിനും മറ്റും ആശ്രയിക്കുന്നത്. എല്ലാം ജലവൈദ്യുത പദ്ധതികളാണ്. കര്‍ണ്ണാടക വനത്തിന് ഉള്ളിലെ ചെറിയ തോടുകളില്‍ നിന്നും പൈപ്പുവഴി വെള്ളം വീടിന് സമീപത്ത് എത്തിച്ച് ഇത് ഉപയോഗിച്ച് മോട്ടോര്‍ കറക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വേനല്കാലത്തേക്ക് വേണ്ടുന്ന വെള്ളം ഇവര്‍ ചെറിയ കുളങ്ങള്‍ കുഴിച്ചാണ് ശേഖരിക്കുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന വെള്ളം കാര്‍ഷിക ആവശ്യത്തിനും ഇവര്‍ ഉപയോഗിക്കുന്നു. ഓരോ വീട്ടിലും സ്വന്തമായി ഇവര്‍ ൧൦൦൦ വാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുവഴി ടിവി, മിക്സി തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ടുന്ന എല്ലാ ഉപകരണങ്ങളും ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നു. വൈദ്യുതി ആവശ്യമില്ലാത്ത സമയത്ത് പൈപ്പ് ഓഫ് ചെയ്തും വെള്ളം പാഴാക്കാതിരിക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധ വെക്കുന്നു. ൧൮ വര്‍ഷം മുമ്പ് മാമ്പുഴക്കന് സോണിയുടെ വീട്ടിലാണ് ആദ്യമായി ഇങ്ങനെ വെളിച്ചമെത്തിയത്. അന്ന് ൩൬൦൦ രൂപ മുടക്കിയാണ് സ്വന്തം പറമ്പില്‍ പദ്ധതി നടപ്പിലാക്കിയത്. പിന്നീട് ഗ്രാമത്തിലെ എല്ലാ വീടുകളിലും പദ്ധതി നടപ്പിലാക്കുകയായിരുന്നു. ചെറിയ തുക മുടക്കി ഓരോ വീട്ടുവളപ്പിലും വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുവാനാകുമെന്നാണ് ഈ ഗ്രാമവാസികള്‍ നല്കുന്ന ഉപദേശം. കേരളത്തിലെ പല ഗ്രാമങ്ങളിലും ഇത്തരത്തില്‍ വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ വൈദ്യുതി പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. ചെറുപുഴ പഞ്ചായത്തിലെ കാനം വയലില്‍ നിന്നും ൭ കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ മാത്രം താമസിക്കുന്ന കര്‍ണ്ണാടക വനത്തിനുള്ളിലെ ഈ ഗ്രാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: