ജമ്മുകാശ്മീര്‍: കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുന്ന തൊഴില്‍ നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജമ്മുകാശ്മീര്‍ നിയമസഭയിലേക്ക് യുവാക്കള്‍ പ്രകടനം നടത്തി. നിയമസഭാ നടുത്തളത്തിലേക്ക് കയറിച്ചെന്ന മൂന്ന് യുവാക്കള്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പുതിയ പാര്‍ട്ടിയില്‍പ്പെട്ടവരാണ് ഇവര്‍. ദേശീയ പതാകയും കയ്യിലേന്തിയായിരുന്നു യുവാക്കള്‍ സഭയിലേക്ക് അതിക്രമിച്ചു കയറിയത്.
സുരക്ഷാസംവിധാനങ്ങള്‍ ലംഘിച്ചല്ല ഇവര്‍ സഭയിലേക്ക് കയറിയതെന്നും മന്ത്രിമാരില്‍ ഒരാള്‍ നല്കിയ പാസ് കൈവശം വെച്ചുകൊണ്ടാണ് ഇവര്‍ സഭയിലെത്തിയതെന്നും മാധ്യമങ്ങള്‍ ഇതിന് വാര്‍ത്താ പ്രാധാന്യം നല്‍കരുതെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. മൂവരും ജമ്മു കാശ്മീരില്‍ നിന്നുള്ളവരാണെന്നും ഇവരുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഒമര്‍ പറഞ്ഞു.
എന്നാല്‍ സംഭവം അന്വേഷിക്കുന്നതിന് സ്പീക്കര്‍ ഉത്തരവിട്ടിട്ടുണ്ട്. മൂവരേയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ ഭീഷണിയുള്ള സംസ്ഥാനമായ ജമ്മുകാശ്മീരില്‍ അതീവ സുരക്ഷയുണ്ടായിട്ടും ഇവര്‍ക്ക് എങ്ങനെ പാസ് ലഭിച്ചുവെന്നത് അന്വേഷിക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കഴിഞ്ഞയാഴ്ച്ച ജമ്മുകാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് രാഹുല്‍ ഒമറുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: