ലണ്ടന്‍: ‘സീക്രട്ട് എജന്റ്’ ജെയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്ട്ടിന് കാര്‍ ലേലം ചെയ്തു. കാര്‍ സ്വന്തമാക്കാന്‍ കൊതിച്ചവര്‍ കുറച്ചൊന്നുമല്ല ഉണ്ടായിരുന്നത്. ആയുധങ്ങളും അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും വഹിക്കാനാവുന്ന കരുത്തനായ ആസ്റ്റണ്‍ മാര്ട്ടിന് കാറുകള്‍ എതിരാളികളെ നേരിടുന്നതില്‍ ബോണ്ടിന് എന്നും സഹായമായിരുന്നു. ബോണ്ട് കാറുകളില്‍ ഏറ്റവും പ്രശസ്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്റ്റണ്‍ മാര്ട്ടിന് ഡിബിഎസ് വി 12 ലണ്ടനില്‍ നടന്ന ലേലത്തിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോടീശ്വരന് സ്വന്തമാക്കി. 3,89,000 ഡോളര്‍ നല്‍കിയാണ് വാഹനപ്രേമി ഡിബിഎസ് വി 12 സ്വന്തമാക്കിയത്.
ഡാനിയേല്‍ ക്രെയ്ഗ് നായകനായി 2008 ല്‍ പുറത്തിറങ്ങിയ ‘ക്വാണ്ടം ഓഫ് സോളസ്’ എന്ന ചിത്രത്തില്‍ വേഷമിട്ട കാറാണിത്. അറുനൂറോളം വിഐപികളാണ് ലേലത്തില്‍ പങ്കെടുക്കാനെത്തിയത്.
ചിത്രത്തില്‍ ഉപയോഗിച്ച മിക്ക ഘടകങ്ങളും കാറിനൊപ്പം ലേലം ചെയ്തു. ബുള്ളറ്റ് പ്രൂഫ് കവചം ഉള്‍പ്പെടെ 11 സാധനങ്ങളാണ് കാറിനൊപ്പം ലേലം ചെയ്തത്. 1947 മുതല്‍ 72 വരെ ആസ്റ്റണ്‍ മാര്ട്ടിന് തലവനായിരുന്ന ഡേവിഡ് ബ്രൗണിന്റെ പേരിലുള്ളതാണ് ഡി.ബി.സീരിസ് കാറുകള്‍. ഗോള്‍ഡന്‍ ഐ, ടുമോറോ നെവര്‍ ഡൈസ്, കാസിനോ റോയല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഡിബി സീരിസ് ആസ്റ്റണ്‍ മാര്ട്ടിനുകളാണ് ഉള്ളത്. കാറിനൊപ്പം ലേലം ചെയ്ത പ്രത്യേക ബുള്ളറ്റ് പ്രൂഫ് കവചത്തിന് 44,500 പൗണ്ട് ലഭിച്ചു. അതേസമയം, ജെയിംസ് ബോണ്ടിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സ്കൈ ഫാള്‍ എന്ന ചിത്രത്തില്‍ ഡാനിയേല്‍ ക്രെയ്ഗ് അണിഞ്ഞിരിക്കുന്ന ഒമേഗ വാച്ച് 1,57,300 പൗണ്ടിനാണ് ലേലത്തില്‍ പോയത്. 8000 പൗണ്ടാണ് ഇതിന് പ്രതീക്ഷിച്ചിരുന്നത്. ലേലത്തില്‍ വെച്ച ബോണ്ട് ചിത്രങ്ങളിലെ 11 ഘടകങ്ങള്‍ക്ക് മൊത്തം 7,52,100 പൗണ്ട് ലഭിച്ചതായി ക്രിസ്റ്റി ഓക്ഷന്‍സ് എന്ന സ്ഥാപനം അറിയിച്ചു. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ അമ്പതാണ്ട് പിന്നിടുന്ന മുഹൂര്‍ത്തത്തിലാണ് കാറിന്റെ ലേലം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: