ബെയ്റൂട്ട്: ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വടക്കന്‍ സിറിയയില്‍ വിമതരുടെ ശക്തികേന്ദ്രമായ അലപ്പോ നഗരത്തില്‍ ശക്തമായ ബോംബ് സ്ഫോടനങ്ങളില്‍ 40 പേര് കൊല്ലപ്പെടുകയും തൊണ്ണൂറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു തവണയാണ് നഗരത്തിന്റെ പല ഭാഗങ്ങളിലായി സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
നഗരത്തിലെ തന്നെ തിരക്കേറിയ സ്ഥലങ്ങളിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. അതിനാലാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. സ്ഫോടനങ്ങളെ തുടര്‍ന്ന് വിമതരും സര്‍ക്കാര്‍ സേനയും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. കൂടുതല്‍ പേരും മരിച്ചത് കാര്‍ ബോംബ് സ്ഫോടനങ്ങളിലാണെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏതാനും മിനിറ്റുകളുടെ ഇടവേളകളിലായി മൂന്ന് സ്ഫോടനങ്ങളും. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: