ചിന്തകള്‍ മാറുമ്പോള്‍ സ്വഭാവത്തില്‍ത്തന്നെ സമൂല പരിവര്‍ത്തനം വരുമെന്ന് പറയുന്നത് ഒരു വെറും ഭോഷ്ക്കായിത്തോന്നാം. ഈ പ്രസ്താവന ശരിതന്നെയെങ്കിലും അനുഭവത്തില്‍ ഇത് വളരെ അപ്രായോഗികമാണെന്ന് ഒരു സാധകന് തോന്നിയേക്കാം. സ്വന്തം വിചാരങ്ങളുടെ നിലവിലുള്ള രൂപത്തെ മാറ്റുകയെന്നത് അത്രയൊന്നും എളുപ്പമായ കാര്യമല്ല. വിചാരത്തിന്റെ പതിവായ നീര്ച്ചാലുകളില്ക്കൂടി ഒഴുകുന്ന മനസിനെ അതിന്റെ നിയതമാര്ഗം വിട്ടുചരിപ്പിക്കാന് അത്രവേഗം കിട്ടുകയില്ല. ഗംഗാമാതാവിനെ തെക്കെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ പീഠഭൂമിയെ കൃഷിയോഗ്യവും ഫലഭൂയിഷ്ഠവുമാക്കാന് കഴിയുന്നതായിരിക്കും: പക്ഷേ, എത്രതന്നെ മനുഷ്യപ്രയത്നംകൊണ്ടും ഗംഗ തെക്കോട്ടൊഴുകാന്‍ കൂട്ടാക്കുകയില്ല! ഇങ്ങനെ ബാഹ്യമായിമാത്രം നോക്കുമ്പോള്‍ സ്വഭാവപരിവര്‍ത്തനം എളുപ്പമല്ലെന്ന് പറയാമെങ്കിലും, പുരാതനന്മാരായ ഋഷിമാര്‍ ആത്മസ്ഫൂര്ത്തിക്കുവേണ്ടിയുള്ള അവരുടെ സ്വന്തം പ്രയത്നങ്ങള്വഴി മനസിനെ മെരുക്കിക്കൊണ്ടുവരാനുള്ള സൂക്ഷ്മവിദ്യ കണ്ടുപിടിച്ചിട്ടുണ്ട്. വൈദികജ്ഞാനത്തിന്റെ രഹസ്യമയവും പരിപാവനവുമായ സ്പര്‍ശംകൊണ്ട് നിസാര ജീവിയായ മനുഷ്യനെ ദൈവികസൗന്ദര്യത്തിന്റെ സൗവര്ണതേജഃ പുഞ്ജമായി മാറ്റുന്ന ഒരു ‘രസതന്ത്രവിദ്യ’യാണ് ധ്യാനകല.
സാധാരണനിലയില്‍ മനസും വിചാരങ്ങളും വശപ്പെടാത്തവയാണ്. അവയെ പുനസ്സംസ്കരണത്തിന് കിട്ടുകയില്ല. ശക്തി പ്രയോഗിച്ചാല്‍ മനസ്സ് ചിന്നിച്ചിതറിപ്പോകുന്നു. എന്നാല്‍ അതേ പാത്രം ചൂടുപിടിപ്പിച്ചാല്‍ പശിമയുള്ളതായിത്തീരുകയും കൂടുതല്‍ ആകര്‍ഷകമായ മറ്റൊന്ന് അങ്ങനെ വാര്‍ത്തുണ്ടാക്കാന്‍ സൗകര്യപ്പെടുകയും ചെയ്യും. അതുപോലെ, ഉറച്ച മനസിനെ, ഇഷ്ടപ്പെട്ട രൂപം അതിന് കൊടുക്കത്തക്കവണ്ണം, ആദ്യമായി സുഖമമാക്കണം. ഉള്ളിലെ വ്യക്തിത്വത്തെ ആവശ്യമുള്ളേടത്തോളം നമ്യമാക്കുന്നതിനുള്ള ചൂട് ഭക്തിയുടെ ഊഷ്മാവുതന്നെയാണ്.
ആത്മീയസത്യങ്ങളിലും മതപരമായ വിഷയങ്ങളോടും നമ്മളില്‍ ഭൂരിപക്ഷത്തിനും ഭക്തി വളരെ ന്യൂനമാണ്. ഭക്തിയെന്ന് നാം പൊതുവില്‍ ധരിച്ചിരിക്കുന്നത് ആത്മീയാദര്ശസിദ്ധിക്കായുള്ള വികാരപരമായ ഒരു പ്രാര്‍ത്ഥനയോ ബുദ്ധിപരമായി ആ ആദര്‍ശത്തെ ആസ്വദിക്കുകയോ ചെയ്യുക എന്നുള്ളതാണ്. അതു രണ്ടും ഭക്തിയല്ല. ബുദ്ധികൊണ്ട് ഒരാദര്‍ശത്തെ ശരിക്കും ഗ്രഹിക്കുകയും അതിന്റെ മുന്പില് സ്നേഹനിര്‍ഭരവും വിനയവുമായ സ്വഹൃദയത്തെ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവിടെ നാം ഭക്തിയെ കണ്ടെത്തുന്നു. അങ്ങനെ ആസ്വാദനവും ആദരവുമാണ് ബുദ്ധിയുടെ സ്വാമി കൈങ്കര്യമെങ്കില്, സ്നേഹവും വിനയവുമാണ് ഹൃദയത്തിന്റെ അര്ച്ചനങ്ങളെങ്കില്, ഭക്തിയാണ് ഒരേ ബലിക്കല്ലിന്മേല് ചെയ്യപ്പെടുന്ന ബുദ്ധിയുടെയും ഹൃദയത്തിന്റെയും കൂട്ടായ്മയുള്ള സമാരാധനം.
ആദര്ശഭക്തിമുറ്റിയേടത്ത് മനുഷ്യന് ആ ആദര്ശംതന്നെയായിരുന്നു; താന്‍ ഏറ്റവുമധികം ആദരിക്കുന്ന ആ ആദര്‍ശവുമായി അവന് സാത്മ്യം പ്രാപിക്കുന്നു.
ഈ ആശയങ്ങളുടെ പശ്ചാത്തലത്തില്‍, ധ്യാനത്തിന്റെ വ്യവസ്ഥാലയത്തില് പ്രവേശിക്കുന്നതിന് മുന്‍പ് ഓരോ സാധകനും പൂര്‍ണമായ ആത്മസമര്‍പ്പണ മനോഭാവവും സ്വഗുരുവില്‍ മുറ്റിത്തഴച്ച ഭക്തിയും ഉണ്ടായിരിക്കണമെന്ന ആര്ഷനിര്ദ്ദേശം ഓര്‍ക്കുമ്പോള്‍ ആ മഹത്തായ സന്ദേശത്തിന്റെ പിന്നിലുള്ള യുക്തി നമുക്ക് സൂക്ഷ്മമായും ഗ്രഹിക്കാന്‍ കഴിയും. ജഗത്പ്രഭുവിന്റെയോ സാക്ഷാല്‍ ഗുരുവിന്റെയോ മുമ്പില്‍ സ്വന്തം വ്യക്തിത്വത്തെ ഭക്തിപൂര്‍വ്വം അര്‍പ്പണം ചെയ്തുകൊണ്ടുള്ള ഒ രു മനോഭാവത്തില്‍ വര്‍ത്തിക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ സ്വഭാവത്തേയും കൂടുതല്‍ മഹത്തുംകൂടുതല് രമ്യവുമായ അഴകിന്റെ നികേതനമായി രൂപപ്പെടുന്നതിന് നമുക്ക് അനായാസേന സാധിക്കുന്നു.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: