പള്ളുരുത്തി: 45 വര്‍ഷം മുമ്പ് താന്‍ അത്ഭുതകരമായി ഒരു വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട കഥ ഗാനഗന്ധര്വന് യേശുദാസ് അനുഭവമായി പറഞ്ഞുതുടങ്ങിയപ്പോള്‍ കേട്ടവര്‍ക്ക് ആദ്യം ഒരു ഞെട്ടല്‍…പിന്നീട് അമ്പരപ്പ്. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റിന് മുന്നിലെ വിശുദ്ധ അന്തോണീസിന്റെ പുനര്‍നിര്‍മ്മിച്ച കപ്പേളയിലെ ആശീര്വാദകര്മ്മത്തിനിടെയാണ് 1967 ല്‍ നടന്ന ഒരു ദുരന്തത്തിന്റെ ഓര്‍മ്മ തെല്ല് നടുക്കത്തോടെ യേശുദാസ് പറഞ്ഞത്. പഴയ മദിരാശിയിലേക്ക് ഒരു റെക്കോഡിംഗിനായി എത്തണമെന്ന അറിയിപ്പിനെത്തുടര്‍ന്ന് ഫോര്ട്ടുകൊച്ചിയില്നിന്നും വെല്ലിംഗ്ടണ്‍ ഐലന്റിലെ വിമാനത്താവളത്തിലേക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു. എപ്പോഴും ഇതുവഴി പോകുമ്പോള്‍ തോപ്പുംപടിയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ അല്‍പ്പനേരം പ്രാര്‍ത്ഥനക്കായി കയറുമായിരുന്നു. അന്നും കപ്പേളയില്‍ കയറി പ്രാര്‍ത്ഥിച്ചു. കാറില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും വിമാനം മദിരാശിക്ക് പുറപ്പെട്ടിരുന്നു. തന്റെ അശ്രദ്ധ കൊണ്ട് അത്യാവശ്യം ചെയ്യേണ്ട റെക്കോഡിംഗ് മുടങ്ങിയ വേദനയോടെ തിരിച്ച് അതേ കാറില്‍ പുറപ്പെട്ട്വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ആ ദുരന്തവാര്‍ത്ത കാതുകളിലെത്തി. താന്‍ യാത്രചെയ്യേണ്ടിയിരുന്ന വിമാനം മധുരയില്‍ തകര്‍ന്നുവീണു. വിമാനത്തില്‍ യാത്രചെയ്ത ഒരാളുപോലും അവശേഷിക്കാതെ മരിക്കുകയും ചെയ്തു. അന്തോണീസ് പുണ്യവാളന് മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ സമയം ചെലവഴിച്ചില്ലായിരുന്നെങ്കില്‍ താന്‍ ഈ നിലയില്‍ ജീവിച്ചിരിക്കില്ലായിരുന്നു. താന്‍ ഒരിക്കല്‍ പോലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത സംഭവമാണിത്, അദ്ദേഹം പറഞ്ഞു.
ആശീര്‍വാദ കര്മ്മത്തിന് മുമ്പ് തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ പഴയ ചങ്ങാതിക്കൂട്ടത്തിനു നടുവിലേക്ക് വീണ്ടും യേശുദാസ് പഴയ ദാസപ്പനായെത്തിയത് തോപ്പുംപടിയിലെ ഫ്രാങ്ക്ലിന്റെ വീട്ടിലായിരുന്നു ചങ്ങാതിക്കൂട്ടം. പഴയകാല ഓര്‍മ്മകള്‍ അയവിറക്കാനെത്തി. സുഹൃത്തുക്കളായ ശക്തിധരന് ദാസിനായി ഒരു ബൊക്കയും മൈക്കും കരുതിയിരുന്നു. പഴയ സഹപാഠി വിജയലക്ഷ്മി തൊടുപുഴയില്‍നിന്നാണ് എത്തിയത്. ശക്തിധരന് വിജയലക്ഷ്മിയുടെ കൈയിലേക്ക് ദാസപ്പന് നല്കുവാനായി ബൊക്കെ കൊടുത്തു. ഒരു മണിക്കൂറോളം ചങ്ങാതിമാരോടൊപ്പം ചെലവഴിച്ചശേഷമാണ് ഗന്ധര്വഗായകന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: