കൊച്ചി: ജില്ലയിലെ പാചകവാതക വിതരണം ഒരാഴ്ചയ്ക്കുള്ളില്‍ സാധാരണ നിലയിലാകുമെന്നും കെവൈസി (ഉപഭോക്താവിനെ അറിയുക) ഫോറം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. പുതിയ കണക്ഷന്, ട്രാന്‍സ്ഫര്‍, രണ്ടാമത്തെ സിലിണ്ടര്‍, പേരുമാറ്റം എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍, ഒരേ വീട്ടില്‍ ഒന്നിലേറെ കണക്ഷന് ഉള്ളവര്‍, ആറു മാസമായി സിലിണ്ടര്‍ ബുക്ക് ചെയ്യാത്തവര്‍ (ഡോര്‍മന്റ് കണക്ഷന്) എന്നിവര്‍ മാത്രമേ നിലവില്‍ കെവൈസി ഫോറം പൂരിപ്പിച്ച് വിതരണക്കാരെ ഏല്‍പ്പിക്കേണ്ടതുള്ളൂ. മറ്റുള്ള ഉപഭോക്താക്കള്‍ കമ്പനികള്‍ രേഖാമൂലം ആവശ്യപ്പെടാത്തിടത്തോളം കെവൈസി ഫോറം നല്‍കേണ്ടതില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
സിലിണ്ടര്‍ വിതരണത്തിലെ കാലതാമസം, കെവൈസി ഫോറം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് എണ്ണക്കമ്പനി പ്രതിനിധികളുമായി കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കെവൈസി ഫോറം നല്കുന്നവര് ഇതിനൊപ്പം തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയും ഹാജരാക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ നയമനുസരിച്ച് ഒരു ഗാര്‍ഹിക ഉപഭോക്താവിന് പ്രതിവര്‍ഷം ആറ് സിലിണ്ടറുകളാണ് 425 രൂപ സബ്സിഡി നിരക്കില്‍ ലഭിക്കുക. ഈ ആറ് സിലിണ്ടര്‍ ക്വാട്ട പൂര്‍ത്തിയായ ശേഷവും സിലിണ്ടര്‍ ആവശ്യമുള്ളവര്‍ക്ക് സബ്സിഡിയില്ലാതെ 789 രൂപ നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കും. 2013 മാര്‍ച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷം ഇനി മൂന്ന് സിലിണ്ടറുകള്‍ മാത്രമാണ് സബ്സിഡി നിരക്കില്‍ കമ്പനികള്‍ നല്‍കുക. ഗാര്‍ഹിക കണക്ഷനുകള്‍ക്കുള്ള നിബന്ധനകള്‍ സബ്സിഡി, നോണ്‍ സബ്സിഡി സിലിണ്ടറുകള്‍ക്ക് ബാധകമായിരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഗാര്‍ഹികേതര ആവശ്യത്തിനായി 14.2 കിലോഗ്രാമിന്റെ പുതിയ വിഭാഗം സിലിണ്ടറുകള്‍ 978 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാകും. ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, ഗവണ്മെന്റ് ഓഫീസുകളുമായി ബന്ധപ്പെട്ട കാന്റീനുകള്‍, പോലീസ്, ബിഎസ്എഫ്, സിഐഎസ്എഫ് മെസുകള്‍, പ്രതിരോധ സ്ഥാപനങ്ങളുടെ അടുക്കളകള്‍, സഹകരണസ്ഥാപനങ്ങളുടെ കാന്റീനുകള്‍, വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങളുടെ ലാബറട്ടറികള്, ചാരിറ്റബ്ല് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ നിരക്കിലാണ് സിലിണ്ടറുകള്‍ ലഭിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.
ചാല ദുരന്തം, ബോട്ട്ലിങ് പ്ലാന്റിലെ പ്രശ്നങ്ങള്‍ എന്നിവയാണ് സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതെന്ന് എണ്ണക്കമ്പനി പ്രതിനിധികള്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ ഇതിന് പരിഹാരമാകും. ഒരു മാസത്തിനുള്ളില്‍ സിലിണ്ടര്‍ വിതരണം പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കും. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഞായറാഴ്ചയും ബോട്ട്ലിങ് നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ജില്ലാ സപ്ലൈ ഓഫീസര്‍ എം.സി. രാധാമണി, എച്ച്പിസിഎല്‍ ഏരിയ സെയില്‍സ് മാനേജര്‍ മുഹമ്മദ് താജിബ് സേട്ട്, ബിപിസിഎല്‍ ഏരിയ സെയില്‍സ് മാനേജര്‍ സോനു.എസ്.ബാബു, ബിപിസിഎല്‍ എല്‍പിജി സെയില്‍സ് മാനേജര്‍ തര്യന് പീറ്റര്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സീനിയര്‍ ഏരിയ മാനേജര്‍ ജ്ഞാനസംബന്ധം, ടി. രാമചന്ദ്രന്, ചിത്ര.ആര്.പൈ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: