കൊച്ചി: ജില്ലാ ആസ്ഥാനത്തിന്റെ പ്രൗഢിക്ക് യോജിച്ച രീതിയില്‍ തൃക്കാക്കരയെ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്. തിരക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചി നഗരത്തിന്റെ ആശ്വാസകേന്ദ്രമായി തൃക്കാക്കര മാറണമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സ്റ്റേഷന് വളപ്പില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ പിന്തുണയോടെ ജില്ലാ ഭരണകൂടം നിര്‍മിച്ച മണ്വീടിന്റെയും മണ്‍വീട്ടിലെ റെയില്‍വെ ബുക്കിങ് കൗണ്ടര്‍, എടിഎമ്മുകള്‍ എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴിലിനും മറ്റാവശ്യങ്ങള്‍ക്കുമായി എത്തിയിട്ടുള്ള നിരവധി പേരുടെ ആവാസകേന്ദ്രം കൂടിയാണ് തൃക്കാക്കര. ഇവര്‍ക്ക് സ്വന്തം നാടുകളിലെത്തുന്നതിന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സൗകര്യപ്രദമായ കേന്ദ്രമാണ് മണ്‍വീട്ടില്‍ ആരംഭിച്ചിരിക്കുന്നത്. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ തൃപ്പൂണിത്തുറ, കളമശ്ശേരി, ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കും. പുന്നുരുന്നിയിലും ട്രെയിനുകള്‍ നിര്‍ത്താന്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യപടിയായി വഞ്ചിനാട് എക്സ്പ്രസ് ഒക്ടോബര്‍ രണ്ടു മുതല്‍ തൃപ്പൂണിത്തുറയില്‍ നിര്‍ത്തും. പരശുറാം എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കും.
അടുത്ത ജില്ലാതല റിപ്പബ്ലിക്ക് ദിന പരേഡും ആഘോഷവും സിവില്‍ സ്റ്റേഷന് വളപ്പില്‍ നടത്തുന്നതിന് ജില്ലാ ഭരണകൂടം സൗകര്യമൊരുക്കണമെന്ന് കെ.വി. തോമസ് നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനിലെ ഊര്‍ജാവശ്യം നിറവേറ്റുന്നതിന് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കണം. കുമ്പളങ്ങി, ചെല്ലാനം, വരാപ്പുഴ ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ സൗര ഗ്രാമങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് എറണാകുളം ജില്ല മാതൃകയാകണം.
കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ ജനപങ്കാളിത്തത്തോടെ ഫ്ലൈ ഓവറുകള്‍ നിര്‍മിക്കണം. ജനങ്ങളുടെ സഹകരണമില്ലാതെ വികസനം നടപ്പാക്കാനാകില്ല. വികസനത്തിന് പണമല്ല പ്രശ്നമെന്നും ജനവിശ്വാസവും സഹകരണവുമാണ് പ്രധാനമെന്നും കെ.വി. തോമസ് ചൂണ്ടിക്കാട്ടി. സിവില്‍ സ്റ്റേഷന് പിന്നാലെ വൈറ്റില മൊബിലിറ്റി ഹബ്ബിലും റെയില്‍വെ ടിക്കറ്റ് ബുക്കിങ് കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ ചാള്‍സ് ഡയസ് എംപിയുടെ സഹകരണത്തോടെ ശ്രമം നടത്തിവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബെന്നി ബഹനാന് എംഎല്‍എ പറഞ്ഞു. അടുത്ത റിപ്പബ്ലിക്ക് ദിനാഘോഷം സിവില്‍ സ്റ്റേഷന് വളപ്പില്‍ സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, തൃക്കാക്കര നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദാലി, കൗണ്‍സിലര്‍ വര്‍ഗീസ് പൗലോസ്, റെയില്‍വെ ഏരിയ മാനേജര്‍ അശോക് കുമാര്‍, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആര്. രാജേന്ദ്രന്, എച്ച്ഡിഎഫ്സി ബാങ്ക് മേഖല മാനേജര്‍ ബിജോയ് തറയില്‍, അക്ഷയ കോ ഓഡിനേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മുട്ടം അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
റെയില്‍വെ ടിക്കറ്റ്, റിസര്‍വേഷന്‍ കൗണ്ടറുകളും യൂണിയന് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ എടിഎം കൗണ്ടറുകളുമാണ് മണ്‍വീട്ടില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് എവിടേക്കും ഇവിടെ നിന്നും ടിക്കറ്റ് റിസര്‍വ് ചെയ്യാം. എറണാകുളം സൗത്ത്, നോര്‍ത്ത്, തൃപ്പൂണിത്തുറ, കുമ്പളം, ഇടപ്പള്ളി, മുളന്തുരുത്തി, തുറവൂര്‍ സ്റ്റേഷനുകളിലേക്കുള്ള മടക്കടിക്കറ്റും ഇവിടെ ലഭിക്കും. കുടുംബശ്രീക്കാണ് മണ്‍വീട്ടിലെ കൗണ്ടറുകളുടെ ചുമതല. ജില്ല നിര്‍മിതി കേന്ദ്രമാണ് മണ്‍വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: