വാഷിങ്ങ്ടണ്‍: ഇന്ത്യയെ സംബന്ധിച്ച് അമേരിക്ക നിര്‍ണായക പങ്കാളിയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ. വെറും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരുമിക്കലല്ല ഇരു രാജ്യങ്ങളുടേതെന്നും പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശക്തമായ ബന്ധമാണ് അമേരിക്കയുമായി ഇന്ത്യ പുലര്‍ത്തുന്നതെന്നും ദശാബ്ദങ്ങള്‍ക്ക് മുമ്പ് മുതലുള്ള ഇന്ത്യയുടെ വിദേശകാര്യ നയം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രോണ്‍ സര്‍വകലാശാലയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു എസ്.എം കൃഷ്ണ. ഇന്ത്യ-യുഎസ് ബന്ധത്തിന്റെ അഭിവൃദ്ധി ഇരുരാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ആഗോളതലത്തില്‍ വ്യാപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് മാതൃകയാകണമെന്നും മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തണമെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുപ്രധാമായാണ് കാണുന്നത് . ആദ്യം അമേരിക്കക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. അടുത്ത പ്രാധാന്യം നല്‍കുന്നത് ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകള്‍ക്കാണ്. എന്നാല്‍ ഇന്ത്യയുടെ വിദേശനയങ്ങള്‍ക്ക് അനുസൃതമായിരിക്കും മറ്റുള്ളവക്ക് പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തിന് പ്രയോജനപ്പെടുന്നതരത്തിലായിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും കൃഷ്ണ വ്യക്തമാക്കി.
ഭീകരവാദത്തെ തകര്‍ക്കുന്നതിന് മറ്റ് രാജ്യങ്ങളോട് ഇന്ത്യ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കൃഷ്ണ പറഞ്ഞു. ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കൃഷണ വരും ദിവസങ്ങളില്‍ സാര്‍ക്ക് ഉച്ചകോടിയിലും മറ്റ് ഉന്നത നേതാക്കളുമായും ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: