വാഷിങ്ങ്ടണ്‍: പരമാധികാര രാജ്യമെന്ന നിലക്ക് പാക്കിസ്ഥാന് അയല്‍ രാജ്യങ്ങളോടുള്ള കടമ മറക്കരുതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്. പാക്കിസ്ഥാന്റെ പരമാധികാരത്തെ പിന്തുണക്കുന്നു എന്നാല്‍ പരമാധികാരത്തെ സംരക്ഷിക്കേണ്ട ചുമതല എല്ലാ രാജ്യങ്ങള്‍ക്കുമുണ്ടെന്നും അന്താരാഷ്ട്ര സമൂഹത്തോടുള്ള പ്രതിബദ്ധത മറക്കരുതെന്നും ഹിലരി പറഞ്ഞു.
അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ പാക്കിസ്ഥാന്റെ പരമാധികാരത്തെ അംഗീകരിക്കാത്ത നടപടിയാണെന്ന് അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് ഹിനാ റബ്ബാനിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഹിലരി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഭീകരതക്കെതിരെയുള്ള പോരാട്ടമല്ല. അത് അമേരിക്കയുടെ മാത്രം പോരാട്ടമാണ്. ഇത്തരം ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്നും ഹിന അഭിപ്രായപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ ഗോത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം വന്‍ വിജയമായിരുന്നു. എന്നാല്‍ ഇത്തരം വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു.
പാക് ജനതയുടെ ആശങ്ക അമേരിക്ക മനസ്സിലാക്കണമെന്നും അതിന് മുന്‍തൂക്കം നല്‍കണമെന്നും ഹിന അഭിപ്രായപ്പെട്ടു. വ്യോമാക്രമണം തുടര്‍ന്നാല്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകരാന്‍ സാധ്യതയുണ്ടെന്നും ഹിന പറഞ്ഞു. എന്നാല്‍ അതിന് ഇടവരില്ലെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഇനിയും തുടരുമെന്ന് ഹിലരി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: