ന്യൂദല്‍ഹി: എയര്‍ ഇന്ത്യയ്ക്ക് വേണ്ടി വിമാനം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും എയര്‍ ഇന്ത്യയ്ക്കും സുപ്രീംകോടതിയുടെ നോട്ടീസ്. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ വിമാനം വാങ്ങലിലെ ക്രമക്കേടും ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ എയര്‍ലൈന്‍സുകള്‍ നല്കിയ സംഭവത്തിലും സിബിഐ അന്വേഷണം വേണമെന്നാണ് സെന്റര്‍ ഫോര്‍ പബ്ലിക് ലിറ്റിഗേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. സ്വകാര്യ വിമാന കമ്പനികള്‍ക്ക് അമിത ലാഭം നല്കുന്ന നടപടി സ്വീകരിച്ച പട്ടേലിന്റെ തീരുമാനം എയര്‍ ഇന്ത്യക്ക് കനത്ത നഷ്ടം വരുത്തിവച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് എച്ച്.എല്‍.ദത്തും ജസ്റ്റിസ് സി.കെ.പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് എതിര്‍കക്ഷികളുടെ വിശദീകരണം തേടിയത്.
എയര്‍ ഇന്ത്യയ്ക്കുവേണ്ടി 111 വിമാനങ്ങള്‍ വാങ്ങാനുള്ള പട്ടേലിന്റെ തീരുമാനം 70,000 കോടിരൂപയുടെ ബാധ്യത വരുത്തിവച്ചു. വന്‍തോതില്‍ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതും ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതും എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനവും നഷ്ടത്തിന്റെ ആക്കം കൂട്ടിയെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ദല്‍ഹി ഹൈക്കോടതി ഹര്‍ജി നിരസിച്ചതിനെത്തുടര്‍ന്നാണ് എന്‍ജിഒ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: